ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്ക് 17.75% ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ കോടതി നിര്‍ദ്ദേശം എയര്‍ ലിംഗസ് അംഗീകരിച്ചു. എട്ട് മണിക്കൂര്‍ പണിമുടക്കിന് പുറമെ വര്‍ക്ക് ടു റൂള്‍ രീതിയില്‍ അധികസമയം ജോലിക്കെത്താതെയുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കടുത്ത പ്രതിസന്ധിയിലേയ്ക്ക് എത്തിയതോടെയാണ് ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്. നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാരുടെ സംഘടനയായ IALPA നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
24% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ സമരമാരംഭിച്ചത്. എന്നാല്‍ 12.5% വര്‍ദ്ധന നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസിന്റെ നിലപാട്. ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 17.75% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം ലേബര്‍ കോടതി മുന്നോട്ടുവച്ചത്.
നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പ്രസ്താവന പുറത്തിറക്കിയ എയര്‍ ലിംഗസ്, നിര്‍ദ്ദേശം അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ പൈലറ്റുമാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലേബര്‍ കോടതിയോട് നന്ദിയറിയിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ സമരം ഉടനെ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരത്തെത്തുടര്‍ന്ന് നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. 400% ലാഭം നേടിയിട്ടും അതിന്റെ ഗുണം തങ്ങള്‍ക്ക് കൂടി നല്‍കാന്‍ എയര്‍ ലിംഗസ് തയ്യാറാകുന്നില്ലെന്ന് പൈലറ്റുമാര്‍ പരാതിപ്പെട്ടിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW