അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് ബാധയെന്ന് സംശയിക്കുന്നതായി Health Protection Surveillance Centre (HPSC). ഫെബ്രുവരി 4 മുതല്‍ 10 വരെ തീയതികളിലാണ് മൂന്ന് രോഗികളില്‍ മീസില്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് മീസില്‍സ് ബാധിച്ച് 48-കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന് യു.കെ സന്ദര്‍ശനവേളയിലാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. യു.കെയില്‍ മീസില്‍സ് ഗുരുതരമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
ഇതോടെ അയര്‍ലണ്ടിലും മീസില്‍സ് ബാധ പടരുന്നതായി ആശങ്കയുയരുകയും, കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ജനുവരി 28-നും ഫെബ്രുവരി 3-നും ഇടയില്‍ രാജ്യത്ത് മറ്റ് ഒമ്പത് പേര്‍ക്കും മീസില്‍സ് ബാധിച്ചതായി സംശയിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
2022-ല്‍ നാല് പേര്‍ക്ക് അയര്‍ലണ്ടില്‍ മീസില്‍സ് സ്ഥിരീകരിച്ചപ്പോള്‍ 2021-ല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
പനി, തുമ്മല്‍, കഫക്കെട്ട് എന്നിവയോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും, മരണത്തിലേയ്ക്കും നയിക്കാവുന്ന മീസില്‍സിനെതിരെ ശക്തമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം 45 മടങ്ങ് വര്‍ദ്ധനയാണ് മീസില്‍സ് കേസുകളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW