അയർലണ്ടിൽ രക്തത്തിലെ സ്റ്റോക്ക് അപകടകരമായ നിലയിൽ കുറഞ്ഞു; രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി അധികൃതർ

By Rose Malayalam Desk

രാജ്യത്തെ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയിലാണെന്നും, അടുത്ത നാലാഴ്ചയ്ക്കിടെ 2,000 ബ്ലഡ് ഡൊണേഷനുകള്‍ ആവശ്യമാണെന്നും അറിയിച്ച് The Irish Blood Transfusion Service (IBTS). പല ഗ്രൂപ്പ് രക്തത്തിന്റെയും സ്റ്റോക്ക് അപകടകരമായ നിലയില്‍ കുറഞ്ഞിരിക്കുകയാണെന്നും, O negative, B negative എന്നീ ഗ്രൂപ്പുകളുടെ സ്റ്റോക്ക് വെറും മൂന്ന് ദിവസത്തേയ്ക്ക് മാത്രമേ ഉള്ളൂവെന്നും, അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലുള്ള O positive ഗ്രൂപ്പ് രക്തം 2.5 ദിവസത്തേയ്ക്ക് മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും IBTS ബുധനാഴ്ച വ്യക്തമാക്കി.

സാധാരണയായി ഏഴ് ദിവസത്തേയ്ക്കുള്ള രക്തം IBTS സ്‌റ്റോക്ക് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞിരിക്കുകയാണ്. ഇനിയും കുറഞ്ഞാല്‍ മുന്നറിയിപ്പായ amber alert-ലേയ്ക്ക് കടക്കേണ്ടിവരും.

രക്തത്തിന്റെ സ്റ്റോക്ക് കുറഞ്ഞിരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും, അവധിദിനങ്ങള്‍ കാരണം രക്തദാനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞത് പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. വേനല്‍ക്കാലാവധി ആരംഭിച്ചിരിക്കുന്നത് കാരണം ഏറെപ്പേര്‍ യാത്രയിലുമാണ്.

എല്ലാ ഗ്രൂപ്പുകളിലും ഉള്ള രക്തം ആഴ്ചയില്‍ 500 ഡൊണേഷന്‍ എന്ന നിലയില്‍ ഇപ്പോള്‍ ആവശ്യമാണ്. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ളവര്‍ പ്രത്യേകിച്ചും രക്തദാനത്തിന് തയ്യാറാകണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

രക്തം ദാനം ചെയ്യാന്‍ തയ്യാറായവര്‍ അപ്പോയിന്റ്‌മെന്റിനായി ബന്ധപ്പെടുക:
വെബ്‌സൈറ്റ്- giveblood.ie
ഫോണ്‍- 1800 731 137

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW