ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് അമേരിക്കയുടെ 21 മില്ല്യൺ ഡോളർ ധനസഹായം റദ്ദാക്കി മസ്കിൻ്റെ DOGE

By Rose Malayalam Desk

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള മില്ല്യൺ കണക്കിന് ഡോളർ ധനസഹായം അമേരിക്ക റദ്ദാക്കി. ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റാണ് (DOGE) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 21 മില്യൺ ഡോളറിൻ്റെ പദ്ധതിയും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻ്റെ സംരംഭവും റദ്ദാക്കിയ പദ്ധതികളിൽപ്പെടുന്നു.  പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്‌ട്ര സഹായങ്ങൾ വെട്ടിക്കുറക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു ഇത് സംബന്ധിച്ചുള്ള ഡിഒജിഇയുടെ ഔദ്യോഗിക പ്രഖ്യാപനം.  ഈ പ്രഖ്യാപനത്തോടെ ഇന്ത്യയിലെയും ബം​ഗ്ലാദേശിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകളും രാഷ്ട്രീയ സ്ഥിരതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികൾക്ക് തടസ്സം നേരിടുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയ്‌ക്കായി നീക്കിവച്ചിരിക്കുന്ന 21 മില്യൺ ഡോളർ രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേകം ലക്ഷ്യമിട്ടുള്ളതാണ്.

ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വെട്ടിക്കുറയ്ക്കാനുള്ള ഡിഒജിഇയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

മോസാംബിക്, കംബോഡിയ, സെർബിയ, മോൾഡോവ, നേപ്പാൾ, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, കൊസോവോ റോമ, അഷ്കലി, ഈജിപ്ത് എന്നിവിടങ്ങളിലെ വിവിധ പ്രൊജക്ടുകൾക്കുള്ള ധനസഹായവും ഡിഒജിഇ റദ്ദാക്കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW