ഐറിഷ് സൈക്ലിസ്റ്റ് നിക്കോളാ റോഷിന് സ്പെയിനിലെ തെരുവിൽ മോഷ്ടാക്കളുടെ മർദ്ദനം; ഭയപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് താരം

By Rose Malayalam Desk

ഐറിഷ് മുൻ പ്രൊഫഷണൽ സൈക്ലിസ്റ്റ് നിക്കോളാ റോഷിന് സ്പെയിനിൽ വച്ച് മോഷ്ടാക്കളുടെ മർദ്ദനം. തന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തിയ സംഭവം എന്നാണ് സ്പെയിനിലെ ബാഴ്സലോണയിലെ തെരുവിൽ വച്ച് നടന്ന ഇതിനെ റോഷ് വിശേഷിപ്പിച്ചത്.

ഇതിഹാസ ഐറിഷ് സൈക്ലിസ്റ്റ് സ്റ്റീഫൻ റോഷിന്റെ മകനാണ് 41-കാരനായ നിക്കോളാ റോഷ്.

സെൻട്രൽ ബാഴ്‌സലോണയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് കാമുകി മാർത്തയോടൊപ്പം പുറത്തേക്ക് പോകുമ്പോഴാണ് മൂന്ന് പേർ നിക്കോളായെ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കയ്യിലെ വാച്ചായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം.

2005-നും 2021-നും ഇടയിൽ ഏഴ് വ്യത്യസ്ത ടീമുകളിൽ പ്രൊഫഷണൽ സൈക്ലിങ് നടത്തിയ ഫ്രഞ്ച് വംശജനായ ഐറിഷ് താരം, തന്റെ തകർന്ന വാച്ചിന്റെ ഫോട്ടോയ്‌ക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ തന്റെ ഭയാനകമായ അനുഭവം വിവരിച്ചു:
“ഞാൻ ഞെട്ടിപ്പോയത് അഞ്ച് മിനിറ്റിലധികം ആളുകൾ ഞാൻ നിലത്ത് കിടക്കുന്നത് നോക്കി നിന്നു എന്നതാണ്. എന്റെ കാമുകി സഹായത്തിനായി നിലവിളിക്കുന്നത് കണ്ടെത്തിയ രണ്ട് സുരക്ഷാ ജീവനക്കാർ കള്ളന്മാരെ വിരട്ടി ഓടിച്ചു.” റോഷ് ഇസ്റ്റാഗ്രാമിൽ കുറിച്ചു.

അടുത്തുള്ള കടയിലെ ക്യാമറ കുറ്റവാളികളെ പിടികൂടാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ നിക്കോളാസ്, പരിക്കുകളു ഫോട്ടോയും പങ്കുവച്ചു.

“ഭാഗ്യവശാൽ, എന്റെ മുഖത്ത് കുറച്ച് മുറിവുകളും കൈമുട്ടിൽ ഒരു പോറലും മാത്രമാണ് സംഭവിച്ചത്. എന്റെ തല നിലത്ത് ഇടിക്കാതെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാർത്തയുടെ തലയ്ക്ക് പിന്നിൽ ഒരു അടിയേറ്റു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബാഴ്‌സലോണ തെരുവുകളിലെ പിടിച്ചുപറി നേരത്തെ തന്നെ കുപ്രസിദ്ധമാണ്. മുമ്പും പ്രശസ്തർക്ക് ഇവിടെ വച്ച് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഐറിഷ് നാഷണൽ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലെ നാല് കിരീടങ്ങൾ ഉൾപ്പെടെ തന്റെ പ്രൊഫഷണൽ റോഡ് റേസിംഗ് കരിയറിൽ റോഷ് പന്ത്രണ്ട് വിജയങ്ങൾ നേടിയിട്ടുണ്ട്. 2008-നും 2020-നും ഇടയിൽ നാല് തവണ അദ്ദേഹം ഒളിമ്പിക്സിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW