പൈലറ്റുമാരുടെ ശമ്പളത്തില്‍ 17.75% വര്‍ദ്ധന വരുത്താന്‍ എയര്‍ ലിംഗസിന് നിര്‍ദ്ദേശം നല്‍കി ലേബര്‍ കോടതി. ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ലേബര്‍ കോടതിയുടെ ഇടപെടല്‍. നേരത്തെ പൈലറ്റുമാരുടെ സംഘടനയായ IALPA-യും, എയര്‍ ലിംഗസ് അധികൃതരും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ വന്നതോടെ ലേബര്‍ കോടതി വിഷയം ഏറ്റെടുക്കുകയായിരുന്നു.
സമരം അവസാനിക്കാതെ വന്നതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും, ആയിരക്കണക്കിന് യാത്രക്കാരെ അത് ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. ശമ്പളത്തില്‍ 24% വര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 12.5% വര്‍ദ്ധന നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസിന്റെ നിലപാട്.
ലേബര്‍ കോടതിയില്‍ എയര്‍ ലിംഗസ് അധികൃതരും, IALPA പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 17.75% ശമ്പള വര്‍ദ്ധന എന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവച്ചത്. ഇത് നടപ്പില്‍ വരുത്തുകയാണെങ്കില്‍ 2023 ജനുവരി 1 മുതല്‍ പുതുക്കിയ ശമ്പളം മുന്‍കാലപ്രാബല്യത്തില്‍ വരും. 2026 അവസാനം വരെ അത് തുടരും.
അതേസമയം ലേബര്‍ കോടതി നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് എയര്‍ ലിംഗസും പ്രതികരിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW