കഴിഞ്ഞ ദിവസം വിട പറഞ്ഞ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം.
മാര്‍പ്പാപ്പയുടെ മൃതശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നാളെ 12.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ സംസ്‌കാരച്ചടങ്ങുകളില്‍ കോളജ് ഓഫ് കര്‍ദിനാള്‍സിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കും.
മുന്‍ മാര്‍പ്പാപ്പമാരില്‍ മിക്കവരും അന്ത്യവിശ്രമം കൊള്ളുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്നും വ്യത്യസ്തമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അന്ത്യവിശ്രമം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ റോമിലെ മേരി മേജര്‍ ബസിലിക്കയിലായിരിക്കും. ഫ്രാന്‍സിസ് പാപ്പയുടെ മരണപത്രത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശവകുടീരത്തില്‍ പ്രത്യേകം അലങ്കാരങ്ങള്‍ പാടില്ലെന്നും, ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നു.
അതേസമയം ഹൃദയാഘാതവും, പക്ഷാഘാതവുമാണ് മാര്‍പ്പാപ്പയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW