ബജറ്റ് 2025: ഗ്യാസ്, വൈദ്യുതി എന്നിവയുടെ വാറ്റ് കുറച്ചത് നീട്ടിയേക്കും; ഒരു വർഷം 150 യൂറോ ലാഭം

By Rose Malayalam Desk

വരുന്ന ബജറ്റില്‍ അയര്‍ലണ്ടിലെ ആഭ്യന്തര ആവശ്യത്തിനുള്ള ഹീറ്റിങ് ഗ്യാസ്, വൈദ്യുതി എന്നിവയുടെ വാറ്റ്, 13.5 ശതമാനത്തില്‍ നിന്നും 9 ശതമാനം ആക്കി കുറച്ചത് വീണ്ടും നീട്ടാനുള്ള തീരുമാനം എടുത്തേക്കുമെന്ന് സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍. 2022-ല്‍ പ്രഖ്യാപിച്ച കുറഞ്ഞ വാറ്റ് നിരക്ക്, ഈ വര്‍ഷം ഒക്ടോബര്‍ 31-ന് അവസാനിക്കുകയാണ്. എന്നാല്‍ നിലവില്‍ ജീവിതച്ചെലവ് കുറയാതെ തുടരുന്ന സാഹചര്യത്തില്‍, കുറഞ്ഞ വാറ്റ് നിരക്ക് നീട്ടാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍ക്കാരിനുള്ളില്‍ തന്നെ 9% വാറ്റ് എന്നത് തുടരണം എന്ന് ആവശ്യമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ 12 മാസത്തിനിടെ വൈദ്യുതിക്ക് 90 യൂറോയും, ഗ്യാസിന് 62 യൂറോയും ലാഭിക്കാന്‍ ആളുകള്‍ക്ക് കഴിയും. അതായത് വര്‍ഷം 152 യൂറോ ലാഭം.

അതോടൊപ്പം കഴിഞ്ഞ വര്‍ഷം നല്‍കിയ 450 യൂറോയുടെ എനര്‍ജി ക്രെഡിറ്റ് ഈ വര്‍ഷവും തുടര്‍ന്നേക്കും. 150 യൂറോയുടെ മൂന്ന് ഗഡുക്കളായാണ് കഴിഞ്ഞ വര്‍ഷം ഇവ നല്‍കിയിരുന്നത്. ശീതകാലത്ത് ഉയര്‍ന്ന ഊര്‍ജ്ജ ബില്‍ വരുമ്പോള്‍ ആളുകളെ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത്തവണയും എനര്‍ജി ക്രെഡിറ്റ് പ്രഖ്യാപിച്ചാല്‍ ക്രിസ്മസിന് മുമ്പ് അത് ലഭിക്കാനാണ് സാധ്യത. ഗഡുക്കളല്ലാതെ ഒറ്റത്തവണ തന്നെ പണം ലഭിക്കാനും സാധ്യതയുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW