ബിലീവേഴ്‌സ് ചർച്ച് സ്ഥാപകൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

By Rose Malayalam Desk

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) അന്തരിച്ചു. അമേരിക്കയില്‍ വച്ച് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

2003-ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ സഭയ്ക്ക് രൂപം നല്‍കി പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികളും, വിദ്യാഭ്യാസ കേന്ദ്രങ്ങളുമടക്കം നിരവധി സ്ഥാപനങ്ങള്‍ കെ.പി യോഹന്നാന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് നിരാലംബരായ രോഗികള്‍ക്ക് എന്നും ആശ്വാസമാണ്. ഇന്ത്യയിലുടനീളം അനവധി കാരുണ്യപ്രവര്‍ത്തനങ്ങളും ബിലീവേഴ്‌സ് ചര്‍ച്ച് ചെയ്തുവരുന്നുണ്ട്. 2017-ല്‍ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് എന്ന് സഭ പേര് മാറ്റിയിരുന്നു. ഒപ്പം സഭയുടെ പ്രഥമ മെത്രാപ്പൊലീത്തയായും കെ.പി യോഹന്നാന്‍ സ്ഥാനമേറ്റെടുത്തു.

1950-ല്‍ അപ്പര്‍ കുട്ടനാട്ടിലെ നിരണത്തിലുള്ള ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ.പി യോഹന്നാന്‍ ജനിച്ചത്. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണങ്ങളില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം 16-ആം വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974-ല്‍ അമേരിക്കയിലെ ഡല്ലാസില്‍ ദൈവശാത്രപഠനത്തിന് ചേരുകയും, ശേഷം പാസ്റ്ററായി വൈദിക ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതേ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജര്‍മ്മന്‍ പൗര ഗിസല്ലയെ യോഹന്നാന്‍ വിവാഹം കഴിക്കുകയും, ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ജനിക്കുകയും ചെയ്തു.

1978-ല്‍ ഭാര്യയുമായി ചേര്‍ന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് യോഹന്നാന്‍ രൂപം നല്‍കി. സംഘടന വളര്‍ച്ച പ്രാപിക്കുകയും, തുടര്‍ന്ന് നീണ്ട വിദേശവാസത്തിന് ശേഷം അദ്ദേഹം തിരുവല്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീടാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് രൂപം നല്‍കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW