ചരിത്രം കുറിച്ച് അച്ഛനും മകനും: മലയാളികളായ ബേബി പെരേപ്പാടനും ബ്രിട്ടോ പെരേപ്പാടനും കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം

By Rose Malayalam Desk

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് കീഴില്‍ വരുന്ന താല സൗത്തില്‍ മലയാളിയായ ബേബി പെരേപ്പാടന് വിജയം. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലാണ് Fine Gael ടിക്കറ്റില്‍ മത്സരിച്ച പെരേപ്പാടന്‍ കൗണ്‍സിലറായി വിജയിച്ചത്. നിലവിലെ കൗണ്‍സിലര്‍ കൂടിയാണ് അദ്ദേഹം. ആകെ 5 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്.

അതേസമയം താല സെന്‍ട്രലില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. Fine Gael ലേബലില്‍ തന്നെയാണ് അദ്ദേഹവും മത്സരിച്ചത്. ഒമ്പതാം റൗണ്ട് വോട്ടെണ്ണലിലാണ് വിജയം. ആകെ 6 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.

ബേബി പെരേപ്പാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറും, നല്ലൊരു ഗായകനും ആയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്.

താല സൗത്തിൽ നിന്നും ആകെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു കൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപ്പാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയ പീഠത്തിലേക്ക് കയറിയത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.

ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഈ പിതാവും മകനും വിജയം പേരിലാക്കിയത്. ഇവരുടെ അഭിമാനാർഹമായ നേട്ടത്തിൽ FineGael പാർട്ടി ലീഡറും അയർലണ്ട് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

അങ്കമാലിയിലെ പുളിയനം സ്വദേശിയായ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു. ഭാര്യ Beamount ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു. മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.

തങ്ങളിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും, ജനങ്ങൾക്കും ബേബി പെരേപ്പാടനും മകൻ ബ്രിട്ടോയും നന്ദി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW