വെസ്റ്റ് മീത്തില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം രണ്ട് ദിവസം കാറില്‍ തന്നെ കിടന്ന സംഭവത്തില്‍ ഞെട്ടല്‍. പോളിഷ് പൗരനായ Marcin Nowosielski-യെ ആണ് അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയില്‍ സുഹൃത്തുകള്‍ കണ്ടെത്തിയത്. വീട്ടില്‍ തിരികെ എത്താത്തത് കാരണം സുഹൃത്തുക്കള്‍ ഫാക്ടറി ജീവനക്കാരനായ Nowosielski-യെ അന്വേഷിച്ചിറങ്ങുകയായിരുന്നു.
വെസ്റ്റ് മീത്തിലെ Teevrevagh-യിലാണ് റോഡരികില്‍ അപകടത്തില്‍ പെട്ട കാറില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെ കണ്ടെത്തുന്നത്. കാര്‍ തലകീഴായി ഒരു കുഴിയിലേയ്ക്ക് വീണുകിടക്കുകയായിരുന്നു. അതിനാല്‍ കാര്‍ അപകടത്തില്‍ പെട്ടത് റോഡിലൂടെ പോയ ആരും ശ്രദ്ധിച്ചില്ല. വേറെ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നില്ല അപകടം എന്നതും കാര്‍ കണ്ടെത്താന്‍ വൈകുന്നതിന് കാരണമായി.
10 വര്‍ഷത്തിലധികമായി Collinstown-ല്‍ താമസിച്ചുവരികയായിരുന്നു മരിച്ച Nowosielski.
അതേസമയം ബുധനാഴ്ച രാവിലെ 5.30-ഓടെ പ്രദേശത്തുണ്ടായ മറ്റൊരപകടത്തില്‍ 80-ലേറെ പ്രായമുള്ള പുരുഷനും കൊല്ലപ്പെട്ടു. Gartlandstown-ല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന സ്ത്രീയെയും, മറ്റേ കാറിലെ യാത്രക്കാരനായ ഒരു പുരുഷനെയും പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW