വർഷങ്ങൾക്ക് ശേഷം പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് ആശ്വാസം

By Rose Malayalam Desk

അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായി പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB). 4% ആയിരുന്ന ഡെപ്പോസിറ്റ് പലിശനിരക്ക് .25% കുറച്ച് 3.75% ആണ് പുതുക്കിയ നിരക്ക്. അതേസമയം ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുമോ, കൂട്ടുമോ എന്ന കാര്യത്തില്‍ ECB വ്യക്തതയൊന്നും നല്‍കിയിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്ക് പലിശനിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ 23 മാസങ്ങള്‍ക്കിടെ പത്ത് തവണയായിരുന്നു ബാങ്ക് പലിശ ഉയര്‍ത്തിയത്.

പലിശനിരക്ക് കുറച്ചതോടെ ഇതോടെ മോര്‍ട്ട്‌ഗേജ് പലിശയും കുറയുമെന്നത് അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. മോര്‍ട്ട്‌ഗേജ് പലിശയെ അടക്കം ബാധിക്കുന്ന മെയിന്‍ റീഫിനാന്‍സിങ് ഓപ്പറേഷന്‍സ് പലിശനിരക്ക് 4.5 ശതമാനത്തില്‍ നിന്നും 4.25 ശതമാനം ആയി ECB കുറച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തവരുടെ തിരിച്ചടവ് തുകയിലും കുറവ് വരും.

അയര്‍ലണ്ടില്‍ നിലവില്‍ 186,000 ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകള്‍ ഉണ്ടെന്നാണ് കണക്ക്. ECB നിരക്ക് കുറച്ചത് ഈ മോര്‍ട്ട്‌ഗേജുകള്‍ക്കും ബാധകമാകും. നേരത്തെ പലിശനിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചത് കാരണം മോര്‍ട്ട്‌ഗേജുകളുടെ തിരിച്ചടവ് തുകയും വര്‍ദ്ധിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW