സെറിബ്രൽ പാൾസി ബാധിച്ച നാല് വയസുകാരൻ ആശുപത്രിക്കും HSE-ക്കും എതിരെ നൽകിയ കേസ് 2.45 മില്യൺ യൂറോയ്ക്ക് ഒത്തുതീർപ്പായി

By Rose Malayalam Desk

ജനനസമയത്ത് ആവശ്യമായ പരിചരണം നല്‍കിയില്ലെന്ന് കാട്ടി സെറിബ്രല്‍ പാള്‍സി ബാധിച്ച നാല് വയസുകാരന്‍ ആശുപത്രിക്കെതിരെ നല്‍കി കേസ് 2.45 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. Noah Bracken എന്ന അഞ്ച് വയസുകാരന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഈ തുക നല്‍കണമെന്നാണ് തീര്‍പ്പ്.

ഡിസ്‌കൈനറ്റിക് സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടി വീല്‍ചെയറിലാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മാത്രമേ കുട്ടിയുടെ സംസാരം മനസിലാകൂ. തെറാപ്പിക്കായി ഇതിനോടകം വലിയൊരു തുക ചെലവഴിച്ച ശേഷമാണ് മാതാപിതാക്കള്‍ കൗണ്ടി ഗോള്‍വേയിലെ Ballinasloe-ലുള്ള Portiuncula Hospital-നും, HSE-ക്കും എതിരെ കോടതിയെ സമീപിച്ചത്.

2019-ല്‍ കുട്ടിയുടെ അമ്മ ഗര്‍ഭണിയായിരിക്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വിദഗ്ദ്ധ ഡോക്ടറുടെ അഭിപ്രായം സമയബന്ധിതമായി ലഭ്യമാക്കാന്‍ ആശുപത്രിക്ക് സാധിച്ചില്ല എന്നായിരുന്നു കേസ്. അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്ക അവരെ കൃത്യമായി അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചിരുന്നു. പ്രസവം സമയബന്ധിതമായിരുന്നില്ലെന്നും ആരോപണമുണ്ടായി. ആരോപണങ്ങളെല്ലാം HSE നിഷേധിച്ചിരുന്നു.

അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഇടക്കാല ഒത്തുതീര്‍പ്പായാണ് കേസ് തീര്‍പ്പാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം കേസ് വീണ്ടും കോടതി പരിഗണിച്ച്, കുട്ടിയുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW