സെലൻസ്കിയെ ആലിംഗനത്തോടെ അയർലണ്ടിലേക്ക് സ്വീകരിച്ച് ഹാരിസ്; ഉക്രെയിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

By Rose Malayalam Desk

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ ഉക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഉഭയകക്ഷികാര്യങ്ങളിലും, നയതന്ത്ര പദ്ധതികളിലും ചര്‍ച്ച നടത്തി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കിയെ ഹാരിസ് നേരിട്ടെത്തി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ഇതാദ്യമായാണ് സെലന്‍സ്‌കി ഹാരിസുമായി അയര്‍ലണ്ടില്‍ കൂട്ടിക്കാഴ്ചയ്‌ക്കെത്തുന്നത്.

അയര്‍ലണ്ടിന് നല്‍കാനുള്ള സന്ദേശത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, അയര്‍ലണ്ട് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ അയര്‍ലണ്ട് തങ്ങളെ പിന്തുണച്ചുവരുന്നുണ്ടെന്നും, നിരവധി ഉക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായ അയര്‍ലണ്ടിന് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശമാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമായത്. ഈയാഴ്ച ആദ്യം ഉക്രെയിനിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഹാരിസ് അനുശോചനമറിയിക്കുകയും ചെയ്തു.

ഉക്രെയിനിന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ അപേക്ഷയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഹാരിസ് സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കി. അധിനിവേശം കാരണം ഉക്രെയിനില്‍ നിന്നും റഷ്യയിലേയ്ക്കും, ബെലറൂസിലേയ്ക്കും നിര്‍ബന്ധിതമായി കുടിമാറ്റപ്പെട്ട കുട്ടികള്‍ക്കുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ കുട്ടികള്‍ നിലവില്‍ റഷ്യന്‍ പുനര്‍വിദ്യാഭ്യാസ പദ്ധതിയിലാണ്.

കുഴിബോംബുകള്‍ എടുത്തുമാറ്റുക, ഊര്‍ജ്ജരംഗം, മാനുഷികസഹായം നല്‍കല്‍, ഭക്ഷ്യസുരക്ഷ എന്നിവയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

വരും ആഴ്ചകളില്‍ ഉക്രെയിന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു. ഐറിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന തരത്തില്‍ അയര്‍ലണ്ടിലേയ്ക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ ഹാരിസ്, സൈലന്‍സ്‌കിയെ ക്ഷണിക്കുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW