ഡബ്ലിനിലെ മലിനജലത്തില്‍ മയക്കുമരുന്നായ കെറ്റമീന്റെ (Ketamine) സാന്നിദ്ധ്യം കണ്ടെത്തുന്നത് 42% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിങ്‌സെന്‍ഡ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ വെള്ളത്തില്‍ യൂറോപ്യന്‍ ഡ്രഗ്‌സ് ഏജന്‍സി (EDA) നടത്തിയ പരിശോധനയിലാണ് ഗൗരവകരമായ ഈ കണ്ടെത്തല്‍. ഇതിന് പുറമെ യൂറോപ്പിലെ മറ്റ് 114 നഗരങ്ങളിലും EDA പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
വിഭ്രാന്തി ജനിപ്പിക്കാനും, മയക്കം തോന്നുവാനും തക്കവണ്ണവുള്ള ഘടകങ്ങളടങ്ങിയ ഒരു മയക്കുമരുന്നാണ് കെറ്റമീന്‍. ചിലരില്‍ വിഷാദം, ഉത്കണ്ഠ എന്നിവയുടെ ചികിത്സയ്ക്കായും ഡോക്ടര്‍മാര്‍ ഇത് ഉപയോഗിക്കാറുണ്ട്.
ഡബ്ലിന് പുറമെ യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലുള്ള മലിനജല സ്രോതസ്സുകളിലും കെറ്റാമീന്‍ സാന്നിദ്ധ്യം വര്‍ദ്ധിച്ചതായി EDA പറയുന്നുണ്ട്. 2024-25 കാലഘട്ടത്തില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ആകമാനമുള്ള മലിനജലത്തിലെ കെറ്റാമീന്‍ സാന്നിദ്ധ്യം 41% വര്‍ദ്ധിച്ചതായാണ് EDA-യുടെ കണ്ടെത്തല്‍. ഇതില്‍ 50% നഗരങ്ങളിലും പ്രവൃത്തിദിവസങ്ങളെക്കാള്‍, വീക്കെന്‍ഡുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യം അധികമായി കാണപ്പെടുന്നത്. ആളുകള്‍ വീക്കെന്‍ഡുകളില്‍ മയക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നു എന്നുവേണം ഇതില്‍ നിന്നും മനസിലാക്കാന്‍.
വെള്ളത്തിലെ മയക്കുമരുന്ന് അംശത്തിന്റെ സാന്നിദ്ധ്യം സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗപ്രശ്‌നത്തിന്റെ തെളിവായും കാണാവുന്നതാണ്. ഡബ്ലിനിലെ മലിനജലത്തില്‍ കെറ്റമീന്റെ ഉയര്‍ന്ന അളവ് ഭാവിയില്‍ വരാനിരിക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചുള്ള സൂചനയുമാണ്. നേരത്തെ കോവിഡ്-19 കാലത്ത് വൈറസ് ബാധ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി മലിനജലത്തിലെ വൈറസ് സാന്നിദ്ധ്യം എത്രയെന്ന് കണ്ടെത്താന്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion