അയര്‍ലണ്ടില്‍ വാടക കുടിയിറക്കലുകല്‍ (evictions) വര്‍ദ്ധിച്ചതായി റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് (RTB). ബോര്‍ഡ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ 2024-ലെ അവസാന പാദത്തെ അപേക്ഷിച്ച് 2025 അവസാന പാദത്തില്‍ (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) കുടിയൊഴിപ്പിക്കലുകള്‍ 41% വര്‍ദ്ധിച്ചതായാണ് പറയുന്നത്. ഇതില്‍ 65% (3,226) കുടിയൊഴിപ്പിക്കല്‍ നോട്ടീസുകളിലും വീട്ടുടമ വീട് വില്‍ക്കാന്‍ പോകുകയാണ് എന്നാണ് ഒഴിപ്പിക്കലിന്റെ കാരണമായി പറഞ്ഞിരിക്കുന്നത്. അതേസമയം 2025-ന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ കുടിയൊഴിപ്പിക്കലുകള്‍ 3.6% കുറഞ്ഞു എന്നത് ഇന്ത്യക്കാര്‍ അടക്കമുള്ള വാടകക്കാര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്.
പുതിയ വാടകനിയമങ്ങള്‍ വീട്ടുടമകള്‍ക്ക് എതിരോ?
സര്‍ക്കാര്‍ ഈ മാസം ആദ്യം കൊണ്ടുവന്ന പുതിയ വാടകനിയമങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളെ കൂടി ഈ കണക്കുമായി ബന്ധപ്പെട്ട് കണക്കിലെടുക്കാവുന്നതാണ്. കുടിയൊഴിപ്പിക്കല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് വീട്ടുടമകള്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് അവസാനിപ്പിച്ച് അവ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിലേയ്ക്ക് നയിച്ചേക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാടകക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനുദ്ദേശിച്ചാണ് ഈ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, വാടക വീടുകള്‍ ലഭിക്കാതെയാകുന്നത് ആത്യന്തികമായി വാടകക്കാര്‍ക്ക് തന്നെ ദോഷം ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഇതേ നിയമങ്ങള്‍ കാരണം സൃഷ്ടിക്കപ്പെട്ടേക്കാം.
അതേസമയം വീട്ടുടമകള്‍ വാടക വിപണിയിലേയ്ക്ക് പ്രവേശിക്കുന്നതും പിന്‍വാങ്ങുന്നതുമെല്ലാം പതിവായി സംഭവിക്കുന്നതാണെന്നും, വാടക്കാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു എന്നത് പരിഗണിക്കുമ്പോള്‍ വാടകവിപണി ഭീഷണി നേരിടുന്നു എന്ന ആശങ്ക വേണ്ടെന്നും RTB ഡയറക്ടറായ റോസ്‌മേരി സ്റ്റീന്‍ പറയുന്നുണ്ട്. രാജ്യത്തെ വലിയ ഭൂവുടമകളുടെ കീഴിലുള്ള (large landlords) വീടുകളില്‍ താമസിക്കുന്നവരുടെ എണ്ണവും തുടര്‍ച്ചയായി പത്താം പാദത്തിലും വര്‍ദ്ധിച്ചിരിക്കുന്നു എന്നത് വിപണിയില്‍ ഇപ്പോഴും വാടകവീടുകള്‍ ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.
വാടകക്കാരുടെ എണ്ണം ഉയര്‍ന്നു
രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം 2024 നാലാം പാദത്തെ അപേക്ഷിച്ച് 2025 നാലാം പാദത്തില്‍, 1.1% വര്‍ദ്ധിച്ച് 243,598 ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2023-ലെ മൂന്നാം പാദത്തിന് ശേഷം വാടകക്കാരുടെ എണ്ണം ഇത്രയും വര്‍ദ്ധിക്കുന്നത് ഇതാദ്യമായാണ്.
വാടകനിയമ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു
2024-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വാടകനിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ 125% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ 280 അന്വേഷണങ്ങളാണ് പോയ വര്‍ഷം നടന്നത്.
വാടകക്കരാര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരില്‍ RTB 1,000-ഓളം നോട്ടീസുകള്‍ നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശരാശരി വാടകനിരക്ക്
റിപ്പോര്‍ട്ട് പ്രകാരം 2025 അവസാന പാദത്തില്‍ രാജ്യത്തെ ശരാശരി വാടകനിരക്ക്, പുതിയ വാടകക്കാര്‍ക്ക് മാസം 1,776 യൂറോയും, നിലവിലെ വാടകക്കാര്‍ക്ക് 1,494 യൂറോയുമായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion