ഈ വരുന്ന ജൂണിൽ അയർലണ്ട് പുരുഷ ടീമും ഇന്ത്യയും തമ്മിൽ രണ്ട് ട്വന്റി20 മത്സരങ്ങൾ കളിക്കാൻ ധാരണ. നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിലുള്ള സ്റ്റോർമോണ്ടിൽ വച്ചാകും മത്സരങ്ങൾ. രണ്ട് മത്സരങ്ങൾക്കുമായി ഏകദേശം 5,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ താൽക്കാലിക സീറ്റുകൾ സജ്ജീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ് 2023-ൽ ഡബ്ലിനിലെ Malahide-ൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അടുത്തിടെ ലോക ചാമ്പ്യന്മാരായ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അതേസമയം മെയ് മാസത്തിൽ ബെൽഫാസ്റ്റിൽ വെച്ച് ന്യൂസിലൻഡുമായി നടക്കുന്ന ഒരേയൊരു ടെസ്റ്റ് മത്സരത്തോടെ അയർലണ്ടിന്റെ വേനൽക്കാല ക്രിക്കറ്റ് സീസണ് തുടക്കമാകും. ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് ശേഷം നോർത്തേൺ അയർലണ്ടിലെ ബ്രെഡിയിലും ബെൽഫാസ്റ്റിലുമായി അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന അഞ്ച് ഏകദിന മത്സരങ്ങളോടെ ഈ സീസൺ അവസാനിക്കും.
ഇത് കൂടാതെ 2029-ൽ ഇംഗ്ലണ്ട് അയർലണ്ടിൽ മൂന്ന് ടി20 മത്സരങ്ങൾ കളിക്കുമെന്ന കാര്യത്തിലും തത്വത്തിൽ ധാരണയായിട്ടുണ്ട്.
വനിതാ ക്രിക്കറ്റ്
വനിതാ ക്രിക്കറ്റിലേക്ക് വരികയാണെങ്കിൽ, ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി അയർലണ്ട് വനിതകൾ പാകിസ്ഥാനും വെസ്റ്റ് ഇൻഡീസിനുമെതിരായി ത്രികോണ പരമ്പരയിൽ പങ്കെടുക്കും. ഇതിന് പിന്നാലെ ജൂലൈ മാസത്തിൽ ബ്രെഡിയിൽ വെച്ച് വെസ്റ്റ് ഇൻഡീസുമായും മത്സരമുണ്ട്. ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
ക്രിക്കറ്റ് അയർലണ്ടിന് പുതിയ സി.ഇ.ഒ
ആഗോള സമ്പദ്‌വ്യവസ്ഥയിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും അയർലണ്ട് ക്രിക്കറ്റിന്റെ വളർച്ചയും വികസനവുമാണ് പ്രധാന ലക്ഷ്യമെന്ന് ക്രിക്കറ്റ് അയർലണ്ടിന്റെ പുതിയ സി.ഇ.ഒ ആയി നിയമിതയായ സാറ കീൻ. മികച്ച ആസൂത്രണം ഉറപ്പാക്കുക, കായിക പ്രതിഭകളെ വളർത്തുന്നതിനായി നിക്ഷേപം കണ്ടെത്തുക, ഐറിഷ് സമൂഹത്തിനിടയിൽ ക്രിക്കറ്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കുക, ക്ലബ്ബുകൾക്ക് ആവശ്യമായ ഉപകരണങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഫണ്ട് കണ്ടെത്താൻ സഹായിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW