അയർലണ്ടിലെ ഇറച്ചിവെട്ട് കേന്ദ്രത്തിൽ കുതിരകൾക്ക് നേരെ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത; ദൃശ്യങ്ങൾ പുറത്ത്

By Rose Malayalam Desk

അയര്‍ലണ്ടില്‍ കുതിരകളെ ഭക്ഷണത്തിനായി അറുക്കാന്‍ ലൈസന്‍സുള്ള ഏക ഇറച്ചിവെട്ട് കേന്ദ്രത്തില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത. കൗണ്ടി കില്‍ഡെയറിലെ Straffan-ല്‍ പ്രവര്‍ത്തിക്കുന്ന Shannonside Foods Ltd എന്ന സ്ഥാപനത്തില്‍, അറുക്കുന്നതിന് മുമ്പായി കുതിരകള്‍ നേരിടുന്ന ക്രൂരത RTE പുറത്തുവിട്ട ഡോക്യുമെന്ററിയിലൂടെയാണ് പുറംലോകമറിഞ്ഞത്. വിമര്‍ശനങ്ങളുയര്‍ന്നതോടെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തി.

ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലെ കുതിര ഇറച്ചിവെട്ട് വ്യാപാരവും അന്വേഷിക്കും. അവിടെയും ഈ മേഖലയില്‍ അനധികൃതമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

മുമ്പ് കുതിരയോട്ടവും, മറ്റ് മത്സരങ്ങളും നടത്തിയ കുതിരകളെയാണ് പ്രധാനമായും അയര്‍ലണ്ടിലെ ഈ ഇറച്ചിവെട്ട് കേന്ദ്രത്തില്‍ എത്തിക്കുന്നത്. അയര്‍ലണ്ടിന് പുറമെ യുകെ, ഫ്രാന്‍സ് മുതലായ ഇടങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുത്തവയും ഇതില്‍ പെടുന്നു. ഇവിടെ നിന്നും രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളും, രേഖകളും സഹിതമാണ് RTE ഡോക്യുമെന്ററി പുറത്തുവന്നിരിക്കുന്നത്.

കുതിരകളെ ഉപദ്രവിക്കുക, തലയിലും മറ്റും പൈപ്പുപയോഗിച്ച് അടിക്കുക മുതലായവയെല്ലാം ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പല കുതിരകളും ആരോഗ്യമില്ലാതെ അവശനിലയിലുമാണ്. ഇറച്ചിവെട്ടാനാണ് കൊണ്ടുപോകുന്നതെങ്കില്‍ കൂടി അത്യധികം ക്രൂരമായാണ് കൊല്ലുന്നതിന് തൊട്ടുമുമ്പു വരെ കുതിരകളോട് ഇവിടുത്തെ ജീവനക്കാര്‍ പെരുമാറുന്നത്.

സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് പ്രതികരിച്ച അയര്‍ലണ്ടിലെ കാര്‍ഷികവകുപ്പ് മന്ത്രിയായ Charlie McConalogue, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇറച്ചിവെട്ടിനായി എത്തിക്കുന്ന കുതിരകളുടെ കാര്യത്തില്‍ കാര്‍ഷികവകുപ്പ് അന്വേഷണമാരംഭിച്ചിരുന്നുവെന്നും പറഞ്ഞു. അതോടൊപ്പം ഡോക്യുമെന്ററിയില്‍ പറഞ്ഞ കാര്യങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കുതിരപ്പന്തയക്കാരുടെ സംഘടനയായ Horse Racing Ireland-ഉം പ്രതികരിച്ചു. ഇതിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം സംഭവം വിശദമായി അന്വേഷിക്കുമെന്ന് Shannonside Foods Ltd പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW