ലഹരി കേസില്‍ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുമ്പോൾ താന്‍ ലഹരിയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ കരുതില്ലേ എന്ന് മമ്മൂട്ടിക്ക് തോന്നാത്തത് എന്തുകൊണ്ടാണ്?”: ഹരീഷ് പേരടി

By Rose Malayalam Desk

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മട്ടാഞ്ചേരി മാഫിയ’യുടെ പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ലഹരിക്കേസിൽ പ്രതിയായ സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം മമ്മൂട്ടി വീണ്ടും സഹകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
നേരത്തെ വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിതർക്ക് നിർമ്മിച്ച വീടുകൾ കാണാനെത്തിയ സമയം ഒരു പൊതുപ്രവർത്തകൻ ഒപ്പം നിന്നപ്പോൾ ഉണ്ടായ മമ്മൂട്ടിയുടെ പ്രതികരണത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹരീഷിന്റെ വിമർശനം.

”ഒരു പൊതു പ്രവര്‍ത്തകന്‍ കുറച്ച് നേരം കൂടെ നിന്നപ്പോള്‍ ‘ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാര്‍ കരുതില്ലേ’എന്ന് തോന്നിയ മമ്മൂക്കയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാന്‍ തയ്യാറാവുമ്പോള്‍ ഞാന്‍ ലഹരിയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ കരുതില്ലേ എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്? എനിക്കറിയില്ല. ഏതാണ് ശരി എന്നും എനിക്കറിയില്ല.” ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിലിലാണ് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നടന്ന റെയ്ഡിൽ ഖാലിദ് റഹ്മാനും മറ്റൊരു സംവിധായകനായ അഷ്‌റഫ്‌ ഹംസയും ഉൾപ്പെടെയുള്ളവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾക്കും ഈ സംഭവം വഴിതെളിച്ചിരുന്നു.

‘ഉണ്ട’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments