അയർലണ്ടിലെ ഏറ്റവും ‘നല്ല’ ഡ്രൈവർമാർ ഡോണഗലിൽ; ഏറ്റവും മോശം ഈ കൗണ്ടിയിൽ…

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഏറ്റവുമധികം ഗതാഗതനിയമ ലംഘകര്‍ ഉള്ള കൗണ്ടി ഒഫാലി. റോഡ് സുരക്ഷാ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡ്രൈവര്‍മാര്‍ക്ക് (കൗണ്ടിയിലെ ആകെ ഡ്രൈവര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍) പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഒഫാലിയിലാണ്.

2023-ല്‍ ഒഫാലി കൗണ്ടിയില്‍ 3,532 പേര്‍ക്കാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്കായി പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്. അതായത് കൗണ്ടിയില്‍ ആകെയുള്ള ഡ്രൈവര്‍മാരില്‍ 6.2% പേരും നിയമലംഘനം നടത്തി. ഗതാഗതനിയമലംഘനത്തിലെ ദേശീയ ശരാശരി 5.3% ആണെന്നോര്‍ക്കണം.

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ലോങ്‌ഫോര്‍ഡും (6.0%), മൂന്നാം സ്ഥാനത്ത് ടിപ്പററിയുമാണ് (5.8%). ലീഷ് (5.7%), വെക്‌സ്‌ഫോര്‍ഡ് (5.5%), ക്ലെയര്‍ (5.3%), ലിമറിക്ക് (5.3%), വെസ്റ്റ് മീത്ത് (5.3%) എന്നീ കൗണ്ടികളിലും, ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ ഗതാഗതനിയമലംഘനത്തിന് പോയ വര്‍ഷം പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റ് നല്‍കപ്പെട്ടിട്ടുണ്ട്.

അതേസമയം പോയ വര്‍ഷം അയര്‍ലണ്ടിലെ കൗണ്ടികളില്‍ ഡ്രൈവര്‍മാരില്‍ ഏറ്റവും കുറച്ച് പേര്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഡോണഗലിലാണ്- 3.4%.

രാജ്യത്ത് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാരില്‍ 75% പേരും നടത്തിയ നിയമലംഘനം അമിതവേഗമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

അതേസമയം രാജ്യത്ത് കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി പോയിന്റ് ലഭിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 2022-നെ അപേക്ഷിച്ച് 6% കുറവ് വന്നിട്ടുണ്ട്. അമിതവേഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തില്‍ 9%, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 11% എന്നിങ്ങനെയും കുറവ് വന്നു.

എന്നാല്‍ ഇത് ആളുകള്‍ നിയമലംഘനം നടത്തുന്നത് കുറഞ്ഞത് കൊണ്ടല്ലെന്നും, പരിശോധനകള്‍ കുറഞ്ഞത് കൊണ്ടാണെന്നും ആണ് വിമര്‍ശനമുയരുന്നത്. ഈയിടെ രാജ്യത്തെ റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചത് ഏറെ ചര്‍ച്ചയായിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW