അയർലണ്ടിലെ ലീവിങ് സെർട്ട് പരീക്ഷകൾക്ക് തുടക്കമായി; ഇത്തവണ ഉള്ളത് 136,000-ലധികം വിദ്യാർത്ഥികൾ

By Rose Malayalam Desk

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലിഷ് വിഷയത്തിന്റെ പരീക്ഷയോടെ ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം നിശ്ചയിക്കുന്ന പരീക്ഷകള്‍ക്ക് തുടക്കമായത്. ഇത്തവണ 136,000-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ലീവിങ് സെര്‍ട്ട് എഴുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25-നാണ് പരീക്ഷകള്‍ അവസാനിക്കുക.

കോവിഡ് കാലത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇരിക്കുന്നതെന്നും, വളരെ വലിയ വെല്ലുവിളികളാണ് അവര്‍ നേരിട്ടിട്ടുള്ളതെന്നും ദി ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലണ്ട് പ്രസിഡന്റ് ഡേവിഡ് വാട്ടേഴ്‌സ് പറഞ്ഞു. അതിനാല്‍ത്തന്നെ ആ കരുത്ത് അവര്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പരീക്ഷ കാരണമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വേണ്ടതെല്ലാം വിദ്യാര്‍ത്ഥികള്‍ ചെയ്യണമെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എഴുതിയ പരീക്ഷകളെ ഓര്‍ത്ത് വേവലാതിപ്പെടരുത്. ഒപ്പം പരീക്ഷാക്കാലത്ത് നന്നായി ഭക്ഷണം കഴിക്കാനും, ആരോഗ്യത്തോടെയിരിക്കാനും ശ്രദ്ധിക്കണം.

ലീവിങ് സെര്‍ട്ട് പരീക്ഷ എഴുതുന്നവര്‍ക്ക് ആശംസകളറിയിക്കുന്നതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി നോര്‍മ ഫോളിയും പറഞ്ഞു. ഒപ്പം ലീവിങ് സെര്‍ട്ട് അപ്ലൈഡ്, ജൂനിയര്‍ സൈക്കിള്‍ പരീക്ഷാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

അതേസമയം കോവിഡ് കാരണം ആരംഭിച്ച ‘postmarking adjustment’ രീതിയില്‍ മാര്‍ക്ക് നല്‍കപ്പെടുന്ന അവസാന ബാച്ച് വിദ്യാര്‍ത്ഥികളാണ് ഇത്തവണ ലീവിങ് സെര്‍ട്ട് എഴുതുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW