അയർലണ്ടിൽ ഒരിടവേളയ്ക്ക് ശേഷം ചൂട് എത്തുന്നു; താപനില 19 ഡിഗ്രി വരെ ഉയരും

By Rose Malayalam Desk

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ചൂട് ഉയരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും, പലയിടത്തും 19 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം ബുധനാഴ്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും മഴയെത്തും.

ഇന്ന് (ഞായര്‍) പൊതുവെ നല്ല വെയില്‍ ലഭിക്കും. 15 മുതല്‍ 18 ഡിഗ്രി വരെയാണ് പരമാവധി താപനില ഉയരുക. വൈകുന്നേരം നേരിയ ചാറ്റല്‍മഴ പെയ്‌തേക്കാം. രാത്രിയില്‍ താപനില 7 മുതല്‍ 3 ഡിഗ്രി വരെ താഴും. ചെറിയ മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും.

തിങ്കളാഴ്ച രാവിലെ Ulster പ്രദേശത്ത് ആകാശം മേഘാവൃതമായിരിക്കും. പക്ഷേ മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. Ulster-ലും, north Connacht-ലും 12-15 ഡിഗ്രി വരെ പരമാവധി താപനില ഉയരുമ്പോള്‍, മറ്റിടങ്ങളില്‍ 19 ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കും.

ചൊവ്വാഴ്ച Connacht, Munster പ്രദേശങ്ങളിലാണ് മേഘം മൂടിയ കാലാവസ്ഥ അനുഭവപ്പെടുക. മറ്റിടങ്ങളില്‍ നല്ല വെയില്‍ ലഭിക്കുകയും, 12 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില ഉയരുകയും ചെയ്യും.

ബുധനാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയും തണുപ്പുമെത്തും. ഇടയ്ക്കിടെ വെയിലും ലഭിക്കും.

വ്യാഴാഴ്ചയും രാജ്യത്ത് മഴ പെയ്യും. Connacht, Munster പ്രദേശങ്ങളെയാണ് മഴ കാര്യമായും ബാധിക്കുക. അതേസമയം വടക്കന്‍ പ്രദേശങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വെയില്‍ ലഭിക്കുകയും, താപനില 8-11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW