അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു; രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33-നു മുകളിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5% ആണ് കുറഞ്ഞത്. ആകെ 54,678 കുട്ടികളുടെ ജനനമാണ് പോയ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 57,540 ആയിരുന്നു.

2023-ലെ കണക്കനുസരിച്ച് രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33.2 ആണ്. 2022-ലും ഇത് തന്നെയായിരുന്നു ശരാശരി. 10 വര്‍ഷം മുമ്പത്തെ ശരാശരി പ്രായം 32.1 ആയിരുന്നു.

അതേസമയം അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 10 വര്‍ഷമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2013-ല്‍ ഒരു സ്ത്രീക്ക് 1.98 കുട്ടികള്‍ എന്ന നിലയില്‍ യൂറോപ്പിലെ തന്നെ മികച്ച ജനനിരക്കുള്ള രാജ്യങ്ങളിലൊന്നായിരുന്നു അയര്‍ലണ്ട്. എന്നാല്‍ നിലവില്‍ അത് ഒരു സ്ത്രീക്ക് 1.5 കുട്ടികള്‍ എന്ന നിലയില്‍ ഇയു ശരാശരിക്ക് തൊട്ട് മുകളില്‍ മാത്രമാണ്.

ഒരു സ്ത്രീക്ക് 2.1 കുഞ്ഞുങ്ങള്‍ എന്ന ജനനനിരക്കാണ് സാധാരണഗതിയില്‍ പുതിയ തലമുറയ്ക്ക് രൂപം നല്‍കാന്‍ ആവശ്യമുള്ളതായി കണക്കാക്കുന്നത്. കുടിയേറ്റം കൂടാതെയുള്ള കണക്കാണിത്.

2009-ന് ശേഷം ആദ്യമായി രാജ്യത്ത് ജനനനിരക്ക് വര്‍ദ്ധന രേഖപ്പെടുത്തിയത് 2021-ലായിരുന്നു. പക്ഷേ മറുവശത്ത് കോവിഡ് മരണങ്ങളും ഏറെയുണ്ടായിരുന്നു. 2022 തുടക്കത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ കൂടിയ ജനനനിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് കുത്തനെ കുറഞ്ഞു.

2023-ല്‍ അയര്‍ലണ്ടിലെ ആകെ മരണങ്ങള്‍ 35,549 ആണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2022-നെക്കാള്‍ 18 മരണങ്ങള്‍ കുറഞ്ഞു. ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമായത് ക്യാന്‍സറും, രക്തചംക്രമണവുമായി ബന്ധപ്പെട്ട രോഗങ്ങളുമാണ് (56.8%).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW