അയർലണ്ടിൽ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവർ നൽകേണ്ടത് മാസം 1,595 യൂറോ; ഡബ്ലിനിൽ നൽകേണ്ടത് 2,000 യൂറോയിലധികം

By Rose Malayalam Desk

അയര്‍ലണ്ടില്‍ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവര്‍ നല്‍കേണ്ടിവരുന്ന ശരാശരി മാസവാടക 1,595 യൂറോ ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 133 യൂറോ അധികമാണിത്. നിലവിലെ വാടകക്കാരുടെ ശരാശരി വാടകനിരക്ക് 1,374 യൂറോ ആയിരിക്കെയാണ് ഇത്. Residential Tenancies Board (RTB)-ന്റെ 2023 നാലാം പാദ റിപ്പോര്‍ട്ട് പ്രകാരം, 2023-ല്‍ 9.1% ആണ് രാജ്യത്ത് പുതുതായി വാടകയ്ക്ക് നല്‍കപ്പെടുന്ന വീടുകളുടെ വാടക നിരക്ക് ഉയര്‍ന്നത്.

പ്രാദേശിക കണക്കെടുത്താല്‍ പുതുതായി വാടക വീടെടുക്കുന്നവരുടെ വാടക വര്‍ദ്ധന ഏറ്റവുമധികം ബാധിച്ചത് ലിമറിക്ക് സിറ്റിയെയാണ്. പോയ വര്‍ഷം 22.1% ആണ് ഇവിടെ വാടക വര്‍ദ്ധിച്ചത്. മറുവശത്ത് വാടക ഏറ്റവും കുറവ് വര്‍ദ്ധന രേഖപ്പെടുത്തിയത് വാട്ടര്‍ഫോര്‍ഡ് സിറ്റിയിലാണ്- 5 ശതമാനം.

ഡബ്ലിനില്‍ പുതുതായി വാടകയ്ക്ക് താമസിക്കുന്നവര്‍ നല്‍കേണ്ടത് മാസം ശരാശരി 2,098 യൂറോ ആണ്. കോര്‍ക്കില്‍ ഇത് മാസം 1,400 യൂറോയുമാണ്.

രാജ്യത്ത് പുതുതായി വീട് വാടകയ്‌ക്കെടുക്കുന്നവരില്‍ 29.7% പേരും മാസം 2,000 യൂറോയ്ക്ക് മുകളില്‍ വാടക കൊടുക്കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 13.6% പേര്‍ 2,500 യൂറോയ്ക്ക് മുകളിലും വാടക നല്‍കേണ്ടിവരുന്നു.

നിലവിലെ വാടകക്കാരില്‍ 2,000 യൂറോയ്ക്ക് മുകളില്‍ വാടക കൊടുക്കുന്നവര്‍ 15.7% ആണ്. 2,500 യൂറോയ്ക്ക് മുകളില്‍ നല്‍കുന്നവരാകട്ടെ 5.6 ശതമാനവും.

പുതിയ വാടകക്കാരില്‍ 19.2% പേര്‍ക്ക് മാത്രം മാസം 1,000 യൂറോയ്ക്ക് താഴെയുള്ള വീടുകള്‍ ലഭിക്കുമ്പോള്‍, നിലവിലെ വാടകക്കാരില്‍ 34% പേര്‍ 1,000 യൂറോയ്ക്ക് താഴെ വാടക നല്‍കി രാജ്യത്ത് ജീവിക്കുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW