അയർലണ്ടിൽ വീട്ടുവാടക വീണ്ടും വർദ്ധിച്ചു; നിരക്ക് ഏറ്റവുമധികം ഡബ്ലിനിൽ, കുറവ് ഡോണഗലിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ വീട്ടുവാടക വീണ്ടും വര്‍ദ്ധിച്ചു. Residential Tenancies Board (RTB)-ന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവരുടെ വാടകനിരക്ക് ഒരു വര്‍ഷത്തിനിടെ ശരാശരി 8.1% ആണ് വര്‍ദ്ധിച്ചത്. 2023 മാര്‍ച്ചിനെ അപേക്ഷിച്ചാണ് 2024 മാര്‍ച്ച് മാസത്തില്‍ 8.1% വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ ശരാശരി ഇതാണെങ്കിലും, ഡബ്ലിനിലെ വര്‍ദ്ധന 6.3% ആണ്. ഡബ്ലിന് പുറത്ത് 12.2 ശതമാനവും.

അതേസമയം നിലവില്‍ വാടകവീടുകളില്‍ താമസിക്കുന്നവരുടെ വാടകത്തുക ഒരു വര്‍ഷത്തിനിടെ 5.9 ശതമാനമാണ് വര്‍ദ്ധിച്ചത്.

ഇതോടെ നിലവില്‍ അയര്‍ലണ്ടില്‍ പുതുതായി വാടക വീട് എടുക്കുന്നവര്‍ നല്‍കേണ്ട മാസവാടക ശരാശരി 1,612 യൂറോ ആണ്. നിലവിലെ വാടകക്കാര്‍ നല്‍കേണ്ടതാകട്ടെ 1,391 യൂറോയും. 221 യൂറോ അതായത് 15.9% ആണ് പുതിയ വാടകക്കാരും, നിലവിലെ വാടകക്കാരും തമ്മിലുള്ള നിരക്കിലെ അന്തരം.

പുതുതായി വാടകയ്ക്ക് എത്തുന്നവര്‍ ഏറ്റവും വലിയ വാടക നല്‍കേണ്ടത് ഡബ്ലിനിലാണ്- മാസം 2,128 യൂറോ. 950 യൂറോ നല്‍കേണ്ട ഡോണഗലാണ് ഇക്കാര്യത്തില്‍ ഏറ്റവും താഴെ.

പുതിയ വാടകക്കാരുടെ നിരക്ക് വര്‍ദ്ധനയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ലെയ്ട്രിം, ലോങ്‌ഫോര്‍ഡ് എന്നിവയാണ്. ഒരു വര്‍ഷത്തിനിടെ 22.6% വീതമാണ് ഇവിടങ്ങളില്‍ നിരക്ക് ഉയര്‍ന്നിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW