അയർലണ്ട് ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

By Rose Malayalam Desk

അയര്‍ലണ്ടിന്റെ 2025 ബജറ്റ് അവതരണം ധനകാര്യ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ നടത്തിയിരിക്കുകയാണ്. ഇതാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെ ഉപസംഹരിക്കുന്നു:

സോഷ്യല്‍ വെല്‍ഫെയര്‍

ആകെ 2 ബില്യണ്‍ യൂറോയുടെ സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജ് ആണ് 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വകയിരുത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു. 2025 ബജറ്റിലെ പ്രധാന സെഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് വിനിയോഗം ഇപ്രകാരമാണ്:

  • ഒക്ടോബര്‍ മാസത്തില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ധനസഹായം ലഭിക്കുന്ന ഏതാനും പേര്‍ക്ക് ഡബിള്‍ പേയ്‌മെന്റ് ലഭിക്കും.
  • വീക്ക്‌ലി സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 12 യൂറോ വര്‍ദ്ധന.
  • കെയറേഴ്‌സ് അലവന്‍സ് ഒരാള്‍ക്ക് 625 യൂറോ ആയും, കപ്പിളിന് 1,250 യൂറോ ആയും വര്‍ദ്ധിപ്പിക്കും.
  • Domiciliary care allowance 20 യൂറോയും, carer’s support grant 150 യൂറോയും വര്‍ദ്ധിപ്പിക്കും (ഇതോടെ ഈ ഗ്രാന്റ് 2,000 യൂറോ ആയി ഉയരും).

ജീവിതച്ചെലവ്

രാജ്യത്ത് വര്‍ദ്ധിച്ച ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ 2.2 ബില്യണ്‍ യൂറോയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രധാനമായും വിനിയോഗിക്കുക താഴെ പറയും പ്രകാരമാണ്:

  • രാജ്യത്തെ എല്ലാ വീട്ടുകാര്‍ക്കും 250 യൂറോയുടെ എനര്‍ജി ക്രെഡിറ്റ്. ഇത് പകുതി വീതം രണ്ട് തവണയായി ഒന്ന് 2024 അവസാനവും, അടുത്തത് 2025-ലും വിതരണം ചെയ്യും.
  • ഗ്യാസ്, വൈദ്യുതി എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കുറഞ്ഞ VAT ആയ 9%, 2025 ഏപ്രില്‍ 30 വരെ നീട്ടും.
  • നിലവില്‍ fuel allowance ലഭിക്കുന്നവര്‍ക്ക് നവംബറില്‍ 300 യൂറോ കൂടി ഈ ഇനത്തില്‍ ലഭിക്കും.
  • നിലവില്‍ living alone allowance ലഭിക്കുന്നവര്‍ക്ക് 200 യൂറോ കൂടി അധികമായി ലഭിക്കും.

സിഗരറ്റ്, വേപ്പര്‍, ആല്‍ക്കഹോള്‍

വേപ്പറുകള്‍, ഇ-സിഗരറ്റുകള്‍ എന്നിവയ്ക്ക് അടുത്ത വര്‍ഷം പകുതിയോടെ പുതിയ എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തും.

  • 20 സിഗരറ്റുകള്‍ അടങ്ങിയ പാക്കറ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 1 യൂറോ കൂടി വര്‍ദ്ധിക്കും. ഇതോടെ പാക്കറ്റിന് ശരാശരി 18.05 യൂറോ ആകും.
  • മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് pro-rata വര്‍ദ്ധന
  • ഇ-സിഗരറ്റുകള്‍ക്കുള്ള ഡൊമസ്റ്റിക് ടാക്‌സ് എല്ലാ ഇ-ലിക്വിഡുകള്‍ക്കും ബാധകമാക്കും. ഒരു മില്ലി ഇ-ലിക്വിഡിന് 50 സെന്റ് ആണ് ടാക്‌സ്.
  • സാധാരണ ഡിസ്‌പോസബിള്‍ വേപ്പറില്‍ 2 മില്ലി ഇ-ലിക്വിഡ് ആണുള്ളത്. പുതുക്കിയ ടാക്‌സ് നിലവില്‍ വരുന്നതോടെ അതിന് വില VAT അടക്കം 9.23 യൂറോ ആയി ഉയരും.
  • മദ്യത്തിന് ടാക്‌സ് ഉയരില്ല.

ഭവന, വാടക മേഖലകള്‍

  • വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്‍കുന്ന rent tax credit 750 യൂറോയില്‍ നിന്നും 1,000 യൂറോ ആക്കി ഉയര്‍ത്തും. ഒരുമിച്ച് അപേക്ഷിക്കുന്ന കപ്പിള്‍ ആണെങ്കില്‍ 2,000 യൂറോയും ലഭിക്കും.
  • Land Development Agency-ക്ക് 1.25 ബില്യണ്‍ യൂറോ കൂടി അധികസഹായം. ഇതോടെ LDA-ക്ക് ലഭിക്കുന്ന ആകെ ഫണ്ട് 6.25 ബില്യണ്‍ യൂറോ ആകും.
  • Help to Buy scheme 2029 അവസാനം വരെ നീട്ടും.
  • 1.5 മില്യണ്‍ യൂറോയിലധികം വിലവരുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് 6% സ്റ്റാംപ് ഡ്യൂട്ടി.
  • 1 മില്യണ്‍ വരെ വിലവരുന്ന വീടുകള്‍ക്ക് നിലവിലെ സ്റ്റാംപ് ഡ്യൂട്ടിയായ 1% തുടരും. 1 മില്യണില്‍ കൂടുതലായാല്‍ 2% സ്റ്റാംപ് ഡ്യൂട്ടി.
  • വാടക വീട്ടുടമകള്‍ക്കുള്ള pre-letting expenses 2027 അവസാനം വരെ നീട്ടി. വാടകനേഖലയില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷ.
  • Vacant homes tax നിലവില്‍ പ്രസ്തുത കെട്ടിടത്തിന്റെ base Local Property Tax റേറ്റിന്റെ അഞ്ച് മുതല്‍ ഏഴ് വരെ ഇരട്ടിയായി ഉയര്‍ത്തി.

കുട്ടികളുടെ ക്ഷേമം

  • നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചൈല്‍ഡ് ബെനഫിറ്റ് ഡബിള്‍ പേയ്‌മെന്റുകള്‍.
  • Foster care allowance-ല്‍ ഡബിള്‍ പേയ്‌മെന്റ്.
  • working family payment ലഭിക്കുന്നവര്‍ക്ക് 400 യൂറോ ലംപ്‌സം പേയ്‌മെന്റ്.
  • qualified child increase payments ലഭിക്കുന്ന ഓരോ കുട്ടിക്കും 100 യൂറോ ലംപ്‌സം പേയ്‌മെന്റ്.
  • National childcare scheme ഫണ്ടിങ്ങില്‍ 44% വര്‍ദ്ധന. ഇതോടെ ഫുള്‍ ടൈം ചൈല്‍ഡ് കെയര്‍ കോസ്റ്റില്‍ 1,100 യൂറോ കുറയും.
  • ജനുവരി 1-ന് ശേഷം ജനിച്ച നവജാതശിശുക്കള്‍ക്ക് 420 യൂറോയുടെ പുതിയ ‘baby boost’ ഒറ്റത്തവണത്തെ പേയ്‌മെന്റ്.
  • സൗജന്യ ഗതാഗത പദ്ധതിയില്‍ അഞ്ച് മുതല്‍ എട്ട് വരെ പ്രായക്കാരായ കുട്ടികളെ കൂടി ഉള്‍പ്പെടുത്തും.

വിദ്യാഭ്യാസം

  • സൗജന്യ സ്‌കൂള്‍ ബുക്‌സ് പദ്ധതിയില്‍ ട്രാന്‍സിഷന്‍, സീനിയര്‍ സൈക്കിള്‍ കുട്ടികളെയും ഉള്‍പ്പെടുത്തും.
  • സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫീസ് കുറയ്ക്കല്‍, സ്റ്റേറ്റ് എക്‌സാം ഫീസ് ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള ഫണ്ടിങ് തുടരും.
  • Student contribution fee-യില്‍ 1,000 യൂറോ കുറവ് നല്‍കുന്നത് തുടരും.
  • ഹയര്‍ എജ്യുക്കേഷനിലെ അപ്രന്റിസുമാരുടെ കോണ്‍ട്രിബ്യൂഷന്‍ ഫീസില്‍ ഒറ്റത്തവണ 33% കുറവ് വരുത്തും.

ഇന്‍കം ടാക്‌സ്

  • 25,000 യൂറോ മുതല്‍ 70,000 യൂറോ വരെ വരുമാനമുള്ളവരുടെ Universal Social Charge (USC), 4 ശതമാനത്തില്‍ നിന്നും 3% ആക്കി കുറയ്ക്കും. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് USC-യില്‍ കുറവ് വരുത്തുന്നത്.
  • രാജ്യത്തെ മിനിമം ശമ്പളം 80 സെന്റ് വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 13.50 യൂറോ ആക്കും. വര്‍ദ്ധന 2025 ജനുവരി 1 മുതല്‍.
  • പ്രധാന ടാക്‌സ് ക്രെഡിറ്റുകളായ Personal, Employee, Earned Income ക്രെഡിറ്റുകള്‍ 125 യൂറോ വര്‍ദ്ധിപ്പിക്കും.
  • Standard Rate Cut Off Point 2,000 യൂറോ വര്‍ദ്ധിപ്പിച്ച് 44,000 യൂറോ ആക്കും. വിവാഹിതര്‍, സിവില്‍ പാര്‍ട്ട്ണര്‍മാര്‍ എന്നിവര്‍ക്കും ആനുപാതികമായ വര്‍ദ്ധന ഉണ്ടാകും.
  • എല്ലാ വിഭാഗക്കാര്‍ക്കുമുള്ള inheritance tax വര്‍ദ്ധിക്കും. ഗ്രൂപ്പ് A-യുടേത് 335,000-ല്‍ നിന്നും 400,000 യൂറോ ആയും, ഗ്രൂപ്പ് B-യുടേത് 40,000 യൂറോ വരെയും, ഗ്രൂപ്പ് C-യുടേത് 20,000 യൂറോ വരെയും വര്‍ദ്ധിക്കും.

കെയറര്‍മാര്‍

  • Home carer tax credit, single person child carer credit എന്നിവയില്‍ 150 യൂറോയുടെ വര്‍ദ്ധന
  • Incapacitated child tax credit-ല്‍ 300 യൂറോ വര്‍ദ്ധന
  • Dependent relative tax credit-ല്‍ 60 യൂറോ വര്‍ദ്ധന
  • Blind tax credit-ല്‍ 300 യൂറോ വര്‍ദ്ധന

പരിസ്ഥിതി

  • പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള കാര്‍ബണ്‍ ടാക്‌സില്‍ 7.50 യൂറോ വര്‍ദ്ധന. ഇതോടെ ടാക്‌സ് (പുറത്തുവിടുന്ന ഒരു ടണ്‍ന് കാര്‍ബണ്‍ ഡയോക്‌സൈഡിന്) 56 യൂറോയില്‍ നിന്നും 63.50 യൂറോ ആയി ഉയരും. വര്‍ദ്ധന ഒക്ടോബര്‍ 9 മുതല്‍.
  • പെട്രോള്‍ ലിറ്ററിന് 2.1 സെന്റും, ഡീസലിന് 2.5 സെന്റും കാര്‍ബണ്‍ ടാക്‌സ് കാരണം വര്‍ദ്ധനയുണ്ടാകും ( വാറ്റ് അടക്കം)
  • ഹോം ഹീറ്റിങ് അടക്കമുള്ളവയ്ക്കുള്ള കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തല്‍ 2025 മെയ് മുതല്‍.

ആരോഗ്യം

  • രാജ്യത്തെ വിവിധ ആശുപത്രികള്‍, കമ്മ്യൂണിറ്റി സര്‍വീസുകള്‍ എന്നിവിടങ്ങളിലായി പുതുതായി 495 ബെഡ്ഡുകള്‍
  • സൗജന്യ IVF, Hormone Replacement Therapy എന്നിവയ്ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കും
  • ആരോഗ്യമേഖലയിൽ കൂടുതല്‍ ജീവനക്കാരെ നിയമിക്കും.

നീതി, പ്രതിരോധം

നീതിന്യായമേഖലയ്ക്ക് 3.9 ബില്യണ്‍ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു.

  • Irish Prison Service-ലേയ്ക്ക് പുതുതായി 350 ജീവനക്കാരെ കൂടി നിയമിക്കും.
  • ഗാര്‍ഡയിലേയ്ക്ക് 1,000 പേരെ കൂടി നിയമിക്കും. ഗാര്‍ഡ സിവിലിയന്‍ സ്റ്റാഫിലേയ്ക്ക് പുതുതായി 150 പേരെ വരെ നിയമിക്കും.
  • പുതുതായി 400 അംഗങ്ങളെക്കൂടി നിയമിക്കാന്‍ പ്രതിരോധ സേനയ്ക്ക് 1.35 ബില്യണ്‍ യൂറോ ഫണ്ടിങ് നല്‍കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW