അയർലണ്ടിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വിസ (IRP) പുതുക്കുന്നതിലെ കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രാന്തി (Kranthi) രംഗത്ത്. കഴിഞ്ഞ ആഴ്ച ക്രാന്തി ഈ വിഷയവുമായി ബന്ധപ്പെട്ട് ജിഎൻഎബി ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ക്രാന്തി സെക്രട്ടറി അജയ് ഷാജിയും, എം എൻ ഐ നാഷണൽ കൺവീനർ വർഗീസ് ജോയിയും, യുണൈറ്റ് യൂണിയന് വേണ്ടി Michael O’Brien നും ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് Nekesa Khisa യും സംസാരിച്ചു.ക്രാന്തി അയർലൻഡ് പ്രസിഡണ്ട് അനൂപ് ജോൺ നന്ദി പറഞ്ഞു.

മാർച്ച് 12-ന് ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് (GNIB) മുന്നിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ, മാർച്ച് 18-ന് ഐറിഷ് പാർലമെന്റിൽ (Dáil) ഇത് സംബന്ധിച്ചു ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് നീതിന്യായ മന്ത്രിയുടെ മറുപടിയിൽ ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തത കുറവാണെന്ന് ക്രാന്തി ഭാരവാഹികൾ അരോപിക്കുന്നു.
IRP കാർഡുകൾ ലഭിക്കുന്നതിലെ കാലതാമസം കാരണം ആരോഗ്യപ്രവർത്തകരും കെയർ വർക്കർമാരും അടക്കമുള്ളവർ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമായി ബന്ധപ്പെട്ടു ക്രാന്തിയുടെ നേതൃത്വത്തിൽ 1500-ലധികം പേർ ഒപ്പിട്ട നിവേദനം അധികാരികൾക്ക് സമർപ്പിച്ചിരുന്നു .
ജോലി നിലനിൽക്കുമോ എന്ന ഭയവും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുള്ള തടസ്സവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലെക്കെത്തിച്ചത്.
ഫെബ്രുവരി 28 വരെ നൽകിയിരുന്ന യാത്രാ അനുമതി ഇളവുകൾ അവസാനിക്കുകയും പുതിയ ഇളവുകൾ ഇപ്പോൾ ‘പരിഗണനയിൽ’ (Under Review) മാത്രമാണെന്നുമുള്ള മന്ത്രിയുടെ മറുപടി പ്രവാസികളെ ആശങ്കയിലാക്കുന്നു.
നിലവിൽ 2025 ഡിസംബർ 22-ന് സമർപ്പിച്ച അപേക്ഷകളാണ് അധികൃതർ പരിഗണിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെങ്കിലും അപേക്ഷകളുടെ ബാഹുല്യം പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
കാർഡ് കാലാവധി തീരുന്നതിന് 12 ആഴ്ച മുമ്പെങ്കിലും അപേക്ഷിക്കണമെന്ന നിർദ്ദേശം പാലിച്ചു സമർപ്പിക്കുന്ന അപേക്ഷ അംഗീകരിച്ചാലും കാർഡ് തപാലിൽ ലഭിക്കാൻ 15 പ്രവൃത്തി ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നു എന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വിസ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നിയമപരമായി ജോലിയിൽ തുടരാമെന്ന് തൊഴിലുടമകളെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത് ചെറിയ പ്രതീക്ഷ നൽകുന്നു.

മന്ത്രിയുടെ ‘പരിശോധിക്കാം’ എന്ന മറുപടിയിൽ തൃപ്തരല്ലെന്ന് ക്രാന്തി അറിയിച്ചു. കൃത്യമായ സമയപരിധിയും സുതാര്യതയും ആവശ്യപ്പെട്ട് മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് സംഘടനയുടെ തീരുമാനം. കുടിയേറ്റ തൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.



Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW