കോവിഡാനന്തര തൊഴിലില്ലായ്മയിൽ നിന്നും അയർലണ്ട് കരകയറി; സഹായകമായത് സർക്കാർ പദ്ധതികൾ

By Rose Malayalam Desk

കോവിഡ് കാലത്ത് സംഭവിച്ച തൊഴിലില്ലായ്മയില്‍ നിന്നും അയര്‍ലണ്ട് കരകയറിയതായും, ഏകദേശം എല്ലാ പ്രായക്കാരും തൊഴിലുള്ളവരായി മാറിയതായും Irish Human Rights and Equality Commission, Economic and Social Research Institute (ESRI) എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മ പൊതുവില്‍ കുറഞ്ഞതായും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡിന് മുമ്പും ശേഷവും രാജ്യത്തുള്ള തൊഴിലില്ലായ്മാ നിരക്കും, കോവിഡിന്റെ പ്രത്യാഘാതങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ കോവിഡാനന്തര തൊഴിലില്ലായ്മയിലും നിന്നും കരകയറാന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ വലിയ രീതിയില്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതികള്‍ 1 മില്യണ്‍ ആളുകള്‍ക്കും, 37,000 സ്ഥാപനങ്ങള്‍ക്കുമാണ് കോവിഡ് കാലത്തും, അതിന് ശേഷവും സഹായം നല്‍കിയത്. അതോടൊപ്പം ഭാവിയില്‍ തൊഴിലില്ലായ്മാ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കില്‍ സമാനമായ പദ്ധതികള്‍ വീണ്ടും നടപ്പിലാക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

അതേസമയം കോവിഡ് കാരണമുണ്ടായ തൊഴിലില്ലായ്മയില്‍ നിന്നും രാജ്യം കരകയറിയെങ്കിലും, രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ കോവിഡിന് മുമ്പുള്ള പോലെ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില വിഭാഗത്തില്‍ പെട്ടവരുടെ സ്ഥിതി മുമ്പുള്ളതിലും വഷളാവുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് വിദ്യാഭ്യാസം കുറവുള്ളവര്‍ തൊഴില്‍ മേഖലയില്‍ വീണ്ടും പിന്നിലേയ്ക്ക് പോയിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കോവിഡിന് മുമ്പും ശേഷവും ഭിന്നശേഷിക്കാരുടെ തൊഴില്‍ സാഹചര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല.

കോവിഡ് കാര്യമായും ബാധിച്ചത് ചെറുപ്പക്കാരെയാണെന്നും, അതേസമയം നല്ല വിദ്യാസമുള്ളവര്‍ക്ക് തൊഴില്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW