ഗാർഡയിൽ ചേരാനായി ഈ വർഷം അപേക്ഷ നൽകിയത് 11,000 പേർ; 5% പേർ ഏഷ്യൻ വംശജർ

By Rose Malayalam Desk

അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡ എണ്ണക്കുറവിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നതിനിടെ ഈ വര്‍ഷം ഇതുവരെ സേനയില്‍ ചേരാന്‍ പുതുതായി അപേക്ഷ നല്‍കിയത് 11,000-ലധികം പേര്‍. ഒക്ടോബര്‍ 9-ന് അവസാനിച്ച അവസാന റിക്രൂട്ട്‌മെന്റില്‍ 4,334 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലെ റിക്രൂട്ട്‌മെന്റില്‍ 6,784 അപേക്ഷകളും ലഭിച്ചിരുന്നു.

സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടന്ന റിക്രൂട്ട്‌മെന്റില്‍ 40% അപേക്ഷകളും ലഭിച്ചത് 30 വയസിന് മേല്‍ പ്രായമുള്ളവരില്‍ നിന്നാണ്. ഫെബ്രുവരിയില്‍ ഇത് 42% ആയിരുന്നു. ആകെ അപേക്ഷകളില്‍ 32% പേര്‍ വനിതകളാണ്. ഗാര്‍ഡയില്‍ നിലവില്‍ ജോലി ചെയ്യുന്നതില്‍ 30% പേരാണ് വനിതാ ഉദ്യോഗസ്ഥര്‍.

അതേസമയം ‘വൈറ്റ് ഐറിഷ്’ വിഭാഗത്തില്‍ നിന്നും ഗാര്‍ഡയില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ ആകെ ലഭിച്ച അപേക്ഷകളില്‍ 88% പേര്‍ ഈ വിഭാഗത്തില്‍ നിന്നായിരുന്നെങ്കില്‍, ഈ വര്‍ഷം വൈറ്റ് ഐറിഷ് വിഭാഗത്തില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ 70% ആണ്. 5% അപേക്ഷകര്‍ ഏഷ്യന്‍ വംശജരും, 2% പേര്‍ കറുത്ത വര്‍ഗ്ഗക്കാരുമാണ് ഇത്തവണ.

പുതിയ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ നവംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് ശാരീരിക ക്ഷമത, വൈദ്യപരിശോധന, മയക്കുമരുന്ന് ഉപയോഗം ഇല്ലാതിരിക്കല്‍ മുതലായ പരിശോധനകളിലൂടെ കടന്നുപോകണം. ഇതിലും പാസാകുന്നവര്‍ക്കുള്ള ട്രെയിനിങ് 2026-ല്‍ ഗാര്‍ഡ കോളജില്‍ നടക്കും.

2025 ഫെബ്രുവരിയിലെ റിക്രൂട്ട്‌മെന്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ നിലവില്‍ ഗാര്‍ഡ കോളജില്‍ ട്രെയിനിങ്ങിലാണ്. നിലവില്‍ ഏകദേശം 14,325 പേരാണ് രാജ്യത്ത് ഗാര്‍ഡ സേനയിലുള്ളത്. ഇത് 15,000 ആക്കി ഉയര്‍ത്താനാണ് പുതിയ റിക്രൂട്ട്‌മെന്റുകളുടെ ഉദ്ദേശ്യം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW