ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ അക്രമിയുടെ കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി തെറാപ്പിയിലൂടെ ജീവിതം തിരികെ പിടിക്കുന്നു. നവംബര്‍ 23-ന് നടന്ന ആക്രമണത്തില്‍ നെഞ്ചിലായിരുന്നു കുട്ടിക്ക് കുത്തേറ്റത്. ആഴ്ചകളോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടിക്കായി അയര്‍ലണ്ട് മുഴുവനും പ്രാര്‍ത്ഥനയിലായിരുന്നു.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം വീണ്ടും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്കിപ്പുറം തെറാപ്പിയടക്കമുള്ള ചികിത്സകളിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകുകയാണ് ഈ കൊച്ചുമിടുക്കി.
ഇത് മകളുടെ രണ്ടാം ജന്മമാണെന്നാണ് ചികിത്സയ്ക്കായി രൂപീകരിച്ച GoFundMe പേജില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബം പോസ്റ്റ് ചെയ്തിരിക്കുന്നത്. തെറാപ്പിയില്‍ വളരെ മികച്ച രീതിയില്‍ പെണ്‍കുട്ടി മുന്നേറുകയാണെന്നും അവര്‍ അറിയിച്ചു. കൈകാലുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനൊപ്പം, ചോദ്യങ്ങള്‍ക്ക് നല്ല രീതിയില്‍ മറുപടി പറയുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയെ പിന്തുണച്ച് മുന്നോട്ടുവന്ന സമൂഹത്തിന് കുടുംബം നന്ദിയറിയിക്കുകയും ചെയ്തു.
പാര്‍നല്‍ സ്‌ക്വയറിലെ സ്‌കൂളിന് മുന്നില്‍ വച്ചാണ് അഞ്ച് വയസുകാരിയടക്കം നാല് പേരെ Riad Bouchaker എന്നയാള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. മറ്റുള്ളവര്‍ വൈകാതെ തന്നെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നെങ്കിലും അഞ്ച് വയസുകാരിക്ക് ഏറെ നാള്‍ ആശുപത്രിവാസം ആവശ്യമായി വന്നു.
പ്രതിയെ ഗാര്‍ഡ പിടികൂടിയെങ്കിലും പിന്നാലെ പ്രതി കുടിയേറ്റക്കാരനായതിന്റെ പേരില്‍ ഡബ്ലിനിലുടനീളം തീവ്രവലതുപക്ഷവാദികള്‍ കലാപം അഴിച്ചുവിട്ടിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW