മുൻ പങ്കാളിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഇടുമെന്ന് ഭീഷണി; അയർലണ്ടിൽ 45-കാരന് ജയിൽശിക്ഷ

By Rose Malayalam Desk

മുന്‍ പങ്കാളിയുടെ സ്വകാര്യ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും, അവരുടെ അമ്മയ്ക്ക് അയച്ചുനല്‍കുമെന്നും ഭീഷണിപ്പെടുത്തിയയാള്‍ക്ക് അയര്‍ലണ്ടില്‍ തടവുശിക്ഷ. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് 45-കാരനായ പ്രതിക്ക് 10 മാസം ജയില്‍ശിക്ഷ വിധിച്ചത്. അതേസമയം സ്ത്രീയുടെ സ്വകാര്യത മാനിച്ച് പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല.

2021 നവംബറില്‍ ചെറിയൊരു കാലയളിവില്‍ പ്രതിയും, പരാതിക്കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് വേര്‍ പിരിഞ്ഞതിന് പിന്നാലെ 2021 ഡിസംബറിലാണ് പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയത്. സ്‌നാപ്ചാറ്റ് വഴി അയച്ച വോയ്‌സ് മെസേജുകളിലാണ് പരാതിക്കാരിയുടെ അമ്മ, മറ്റ് പരിചയക്കാര്‍ എന്നിവര്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുനല്‍കുമെന്നും, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കിയത്.

ഭീഷണി മുഴക്കിയതിന് പിന്നാലെ ഉടന്‍ തന്നെ സ്ത്രീ ഗാര്‍ഡയോട് പരാതിപ്പെടുകയും, തുടര്‍ന്ന് ഗാര്‍ഡ ഒരു പബ്ബില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യപിച്ചത് കാരണമാണ് താന്‍ ഭീഷണി മുഴക്കിയതെന്നും, മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ ഗാര്‍ഡയോട് പറഞ്ഞത്.

എന്നാല്‍ ഇത്തരം ഭീഷണി ഗൗരവമാണെന്ന് കണ്ടാണ് ജഡ്ജ് മാര്‍ട്ടിന്‍ നോളന്‍ ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW