യു.കെ- അയര്‍ലണ്ട് തര്‍ക്കവിഷയമായി മാറിയിരിക്കുന്ന റുവാന്‍ഡ പദ്ധതിയില്‍ അയര്‍ലണ്ടിനും പങ്കാളികളാകാമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രംഗത്ത്. യു.കെ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പരിഹാസ്യമാണെന്ന് ഹാരിസ് പ്രതികരിച്ചു.
റുവാന്‍ഡ പദ്ധതിയെ ഭയക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടക്കുന്നത് വര്‍ദ്ധിച്ചതാണ് അയര്‍ലണ്ട്- യു.കെ ബന്ധത്തെ ബാധിച്ചത്. ഇതിനെതിരെ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ രംഗത്ത് വരികയും, ഈ വഴിയുള്ള അനധികൃത കുടിയേറ്റം 80% വര്‍ദ്ധിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു യു.കെ പാര്‍ലമെന്റ് വിവാദമായ റുവാന്‍ഡ പദ്ധതിക്ക് നിയമപരമായ അംഗീകാരം നല്‍കിയത്. യു.കെയിലെ അനധികൃത കുടിയേറ്റക്കാരെ പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേയ്ക്ക് മാറ്റുന്നതാണ് പദ്ധതി. പകരമായി യു.കെ റുവാന്‍ഡയ്ക്ക് സാമ്പത്തികസഹായങ്ങള്‍ നല്‍കും.
ഇതെത്തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാര്‍ യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തിയാല്‍ അവരെ തിരികെ യു.കെയിലേയ്ക്ക് തന്നെ വിടുമെന്നും, അത്തരത്തില്‍ പുതിയ നിയമം പാസാക്കുമെന്നും ഐറിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കില്ലെന്ന് യു.കെയും നിലപാടെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഉരസി. ഇതിനിടെയാണ് പദ്ധതിയില്‍ അയര്‍ലണ്ടിനെയും പങ്കാളികളാക്കാന്‍ യു.കെ സര്‍ക്കാര്‍ ഒരുക്കമാണെന്ന തരത്തില്‍ യു.കെ പത്രമായ ‘ദി ടെലിഗ്രാഫ്’ ഇന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അയര്‍ലണ്ടിന് കുടിയേറ്റം സംബന്ധിച്ച് അയര്‍ലണ്ടിന്റേതായ നയങ്ങളുണ്ടെന്ന് ഈ വാര്‍ത്തയോട് പ്രധാനമന്ത്രി ഹാരിസ് പ്രതികരിച്ചു. സ്വന്തമായി നയങ്ങളുണ്ടാകാനുള്ള എല്ലാ അവകാശവും അയര്‍ലണ്ടിനുണ്ടെന്ന് വ്യക്തമാക്കിയ ഹാരിസ്, അത് ശക്തമാക്കാനായി യൂറോപ്യന്‍ യൂണിയനില്‍ ചര്‍ച്ച നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം യു.കെയുമായുള്ള കോമണ്‍ ട്രാവല്‍ ഏരിയ അതേപോലെ തന്നെ തുടരുമെന്നും, പക്ഷേ അതിനെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹാരിസ് വിശദീകരിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW