യു.കെ- അയർലണ്ട് അഭയാർത്ഥി തർക്കം: വടക്കൻ അയർലണ്ട് അതിർത്തിയിൽ ഗാർഡ നേരിട്ട് പരിശോധന നടത്തില്ല

By Rose Malayalam Desk

അഭയാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടും യു.കെയും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ, വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ ഗാര്‍ഡ നേരിട്ട് പരിശോധനകള്‍ നടത്തില്ലെന്ന് വ്യക്തമാക്കി നീതിന്യായവകുപ്പ്. അനധികൃത കുടിയേറ്റക്കാരെ തിരികെ പറഞ്ഞയയ്ക്കുന്നത് അടക്കം രാജ്യത്തെ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കുമെന്ന് വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ അതിര്‍ത്തി പരിശോധനകള്‍ക്ക് നിയോഗിക്കില്ലെന്നാണ് വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ 12 മാസം എടുത്തേക്കുമെന്ന് നീതിന്യായവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു.

യു.കെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പ്രത്യേക ധാരണ വഴി, ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേയ്ക്ക് അയയ്ക്കുന്നതിനുള്ള നിയമം യു.കെ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയതോടെയാണ് അയര്‍ലണ്ട്-യു.കെ കുടിയേറ്റ തര്‍ക്കം ആരംഭിച്ചത്. നിയമത്തെ ഭയന്ന് യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് വഴി അയര്‍ലണ്ടിലേയ്ക്ക് എത്തുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

ഇതെത്തുടര്‍ന്ന് യു.കെയിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ അയര്‍ലണ്ട് തയ്യാറല്ലെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു. യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ പുതിയ നിയമം തയ്യാറാക്കാന്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കില്ലെന്നാണ് യു.കെയുടെ നിലപാട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതും മാറ്റിവച്ചിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW