അയർലണ്ടിൽ ഇന്ധനവില കുറയ്ക്കാൻ സർക്കാർ നടപടികൾക്കൊരുങ്ങുന്നു; എക്സൈസ് ഡ്യൂട്ടി കുറച്ചേക്കും, അപൂർണമായ നടപടികൾ ഫലം കാണില്ലെന്ന് പ്രതിപക്ഷം

By Rose Malayalam Desk

അയർലണ്ടിൽ ഇന്ധനവില കുറയ്ക്കുന്നതിനായി അടുത്ത ആഴ്ച സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. ട്രക്ക് ഉടമകൾക്കും മറ്റും ഉപകരിക്കുന്ന ഡീസൽ റിബേറ്റ് സ്കീമിലെ വർദ്ധനവ് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ അടുത്ത ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ധന വില കുറക്കാനുള്ള നടപടികൾ എന്തെല്ലാമാണ് എന്നത് സംബന്ധിച്ച് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും മുതിർന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ടെന്നും, ഇത്തരം നടപടികൾ താൽക്കാലികം മാത്രമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാനിലെ യുഎസ്-ഇസ്രായേൽ യുദ്ധം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീഷണിയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി മേധാവി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് വിതരണത്തിൽ ഉണ്ടായിരിക്കുന്നത്.

യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ അയർലണ്ട് ഉൾപ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയെ അത് മോശമായി ബാധിക്കുമെന്ന് സൈമൺ ഹാരിസ് ഹാരിസ് പറഞ്ഞു. എങ്കിലും, രാജ്യത്തെ സംബന്ധിച്ചിടത്തോളം മിച്ച ബജറ്റ് (Budget Surplus) ഉള്ളതിനാൽ അയർലണ്ട് നിലവിൽ സാമ്പത്തികമായി ശക്തമായ നിലയിലാണെന്നും, ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മുൻകാലങ്ങളിൽ ഇത്തരത്തിൽ മിച്ച ബജറ്റിലെ പണം ചെലവാക്കാതെ സൂക്ഷിക്കുന്നത് വിമർശിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന നടപടികൾ പ്രതിസന്ധി കുറയ്ക്കുമോ?

ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന നടപടികൾ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം ഭാവിയിലെ അനിശ്ചിതത്വങ്ങൾ നേരിടാൻ കൂടി സജ്ജമായ രീതിയിലുള്ളവയായിരിക്കും എന്നാണ് സർക്കാർ പറയുന്നത്.

അതേസമയം, ഡീസൽ, പെട്രോൾ എന്നിവയുടെ വിലയിൽ ലിറ്ററിന് 25 സെന്റിൽ അധികം കുറയ്ക്കാൻ സർക്കാർ തയ്യാറായേക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വീടുകൾ ചൂടാക്കാൻ ഉപയോഗിക്കുന്ന ഓയിലിന്റെ (Home heating oil) നികുതി കുറയ്ക്കാൻ സർക്കാർ വിസമ്മതിക്കുന്നതായും ഷിൻ ഫെയ്ൻ വക്താവ് പിയേഴ്സ് ഡോഹെർട്ടി കുറ്റപ്പെടുത്തി. ഇത്തരം അപൂർണമായ നടപടികൾ ഫലം കാണില്ലെന്നും വർദ്ധിച്ചുവരുന്ന ഇന്ധനവിലയുടെ ഭാരം കുറയ്ക്കാൻ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും ഡോഹെർട്ടി മുന്നറിയിപ്പ് നൽകി. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന വാർത്തകൾക്കിടയിലാണ് ഈ വിമർശനം.

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചേക്കുമെന്ന് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സൂചന നൽകിയിരുന്നു.
യൂറോപ്യൻ യൂണിയൻ പങ്കാളികളുമായി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച നടക്കുന്ന യൂറോഗ്രൂപ്പ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW