അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO ബാലറ്റിൽ ഭൂരിപക്ഷം പേരും സമരത്തെ അനുകൂലിച്ചു

By Rose Malayalam Desk

അയര്‍ലണ്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സമരത്തിലേയ്ക്ക്. നിലവിലെ ജോലി ഒഴിവുകള്‍ നികത്താത്തതില്‍ സമരം നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് Irish Nurses and Midwives Organisation (INMO) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95.6% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് സംഘടനയിലെ പൊതുമേഖലാ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പണിമുടക്കാന്‍ തയ്യാറായിരിക്കുന്നത്.

ആറാഴ്ച നീണ്ട വോട്ടെടുപ്പിന് ശേഷമാണ് ശക്തമായ നടപടിയിലേയ്ക്ക് സംഘടന എത്തിയിരിക്കുന്നത്. 2023 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങളില്‍ 2,000-ലധികം നഴ്‌സിങ്, മിഡ്‌വൈഫറി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

നിലവില്‍ പുതിയ നിയമനങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നതിലും, ആവശ്യത്തിന് ജീവനക്കാരില്ലാത്തതിലും ഏറെക്കാലമായി HSE-യെയും സര്‍ക്കാരിനെയും ആശങ്കയറിയിച്ചു കൊണ്ടിരിക്കുകയാണ് അസോസിയേഷന്‍. ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാതെ രോഗികള്‍ മരിക്കുക വരെ ഉണ്ടായിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മണിക്കൂറുകളോളം രോഗികള്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നതും, കിടക്കാന്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും ചികിത്സ തേടുന്നതും പതിവ് കാഴ്ചയാണ്.

സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുക വഴി സംഘടനാംഗങ്ങള്‍ HSE-ക്കും, ആരോഗ്യവകുപ്പിനും വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണെന്ന് INMO പ്രസിഡന്റ് Caroline Gourley പറഞ്ഞു. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാരും, മിഡ്‌വൈഫുമാരും തീര്‍ത്തുപറഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ സാധ്യമല്ലെന്നും, രോഗികള്‍ കൃത്യമായ ചികിത്സ അര്‍ഹിക്കുന്നുവെന്നും പറഞ്ഞ Caroline Gourley, പ്രശ്‌നത്തിന് മേല്‍ പ്രശ്‌നമായി ഇത് തുടര്‍ന്ന് പോകാന്‍ പാടില്ലെന്നും വ്യക്തമാക്കി.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സമാനമായി സമരത്തിന് തയ്യാറെടുക്കുന്ന മറ്റ് തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് കൂട്ടായ തീരുമാനമെടുക്കാന്‍ ശ്രമിക്കുമെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ആശുപത്രികളിലെ അമിതമായ തിരക്കും, കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തത് കാരണവും സ്വാഭാവികമായും പൊതുജനത്തിന് ഉണ്ടാകുന്ന ദേഷ്യത്തിന് പാത്രമാകുന്നത് നഴ്‌സുമാരടക്കം ഉള്ളവരാണെന്നും, ഈ പ്രശ്‌നം പരിഹരിക്കുന്നതിനാകണം അടുത്ത സര്‍ക്കാരിന്റെ മുഖ്യ പരിഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments