അയർലണ്ടിൽ Storm Éowyn കാരണമുണ്ടായ നാശനഷ്ടങ്ങൾ; ധനസഹായത്തിന് ലഭിച്ചത് 92,000 അപേക്ഷകൾ, 45,600 പേർക്ക് ഒന്നാം ഘട്ട ധനസഹായം നൽകി

By Rose Malayalam Desk

അയര്‍ലണ്ടില്‍ Storm Éowyn ഉണ്ടാക്കിയ നാഷനഷ്ടങ്ങളെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകള്‍ 92,000-ലധികമെന്ന് അധികൃതര്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ വീശിയടിച്ച Storm Éowyn, 788,000 പേരെ ഇരുട്ടിലാക്കിയിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നിലച്ചത് കാരണം പലര്‍ക്കും വെള്ളവും ലഭിക്കാതായിരുന്നു.

Humanitarian Assistance Scheme പ്രകാരം ലഭിച്ച നഷ്ടപരിഹാര അപേക്ഷകളില്‍ 45,600 എണ്ണത്തിന് ഒന്നാം ഘട്ട ധനസഹായം നല്‍കിയതായും സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു. ഏകദേശം 11.2 മില്യണ്‍ യൂറോ ആണ് ഈ ഇനത്തില്‍ നല്‍കിയത്.

പ്രകൃതിക്ഷോഭം കാരണം നഷ്ടം സംഭവിച്ചാല്‍ ഉടനടി തന്നെ ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്കായാണ് ആദ്യ ഘട്ട ധനസഹായം (സ്‌റ്റേജ് 1) നല്‍കുക. രണ്ടാം ഘട്ടത്തില്‍ (സ്‌റ്റേജ് 2) സാധാരണയായി വൈറ്റ് ഗുഡ്‌സ്, ഫര്‍ണ്ണിച്ചര്‍, മറ്റ് വീട്ടുപയോഗ സാധനങ്ങള്‍ എന്നിവ മാറ്റിവാങ്ങുന്നതിനാണ് സഹായം നല്‍കുക. മൂന്നാം ഘട്ട ധനസഹായത്തില്‍ (സ്‌റ്റേജ് 3) പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വാസസ്ഥലം വീണ്ടും വാസയോഗ്യമാക്കുന്നതിനുള്ള പണവും നല്‍കും. പ്ലാസ്റ്ററിങ്, ഡ്രൈ ലൈനിങ്, നിലം ശരിയാക്കല്‍, ഇലക്ട്രിക്കല്‍ റീ വയറിങ്, പെയിന്റിങ് മുതലായവയാണ് പൊതുവെ ഇതില്‍ പെടുക.

കൊടുങ്കാറ്റുണ്ടായ ശേഷം ജനുവരി 23-ന് തന്നെ ആദ്യഘട്ട ധനസഹായത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ 25-നാണ് ഇത് അവസാനിച്ചത്. ജനുവരി 23-ന് ആരംഭിച്ച രണ്ട്, മൂന്ന് ഘട്ട ധനസഹായ അപേക്ഷ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments