ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഇറാൻ നിരുപാധികം കീഴടങ്ങാതെ ആക്രമണം നിർത്തില്ലെന്ന് ട്രംപ്; സമാധാന ശ്രമവുമായി വിവിധ രാജ്യങ്ങൾ ബന്ധപ്പെട്ടെന്ന് ഇറാൻ; ഇറാൻ കപ്പലിന് അഭയം നൽകിയതായി ഇന്ത്യ; ഇന്നത്തെ യുദ്ധവാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനെതിരായി ഇസ്രായേലും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയും നടത്തിവരുന്ന സംയുക്ത യുദ്ധം ഏഴാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴും സമാധാനം അകലെ. ഉപാധികളില്ലാതെ ഇറാന്‍ കീഴടങ്ങിയാല്‍ മാത്രമേ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകൂ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്തിരിക്കുന്ന നിലപാട്.

ഇന്ന് നടത്തിയ പ്രസ്താവനയിലാണ് ഇറാന്‍ നിരുപാധികം കീഴടങ്ങാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. മറ്റൊരു കരാറും ഇക്കാര്യത്തിലുണ്ടാകില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാനില്‍ നിലവിലെ ഭരണകൂടത്തിന് പകരം ‘മഹത്തായതും, സ്വീകാര്യമായതും’ ആയ മറ്റൊരു ഭരണകൂടം സ്ഥാപിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഈ ഭരണകൂടത്തിന് യുഎസും, സഖ്യകക്ഷികളും എല്ലാ പിന്തുണയും നല്‍കുമെന്നും, ഇറാനെ മുമ്പില്ലാതിരുന്ന തരത്തില്‍ സാമ്പത്തികമായി അടക്കം ശക്തരാക്കാന്‍ സഹായിക്കുമെന്നും അവകാശപ്പെട്ടു. ‘Make Iran Great Again’ എന്ന പുതിയ മുദ്രാവാക്യവും ട്രംപ് മുഴക്കി.

ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്‌സെത്തും അറിയിച്ചു.

അതിനിടെ ഇറാനില്‍ നിന്നും ഇസ്രായേലിന് നേരെ മിസൈലാക്രമണമുണ്ടായതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. മിസൈലുകളെ തങ്ങളുടെ പ്രതിരോധസംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ അറിയിച്ചു.

ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

ഇന്നും ഇറാനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി. 100-ഓളം ബോംബുകളാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ബങ്കര്‍ ലക്ഷ്യം വച്ച് ഇസ്രായേല്‍ വര്‍ഷിച്ചത്. ഇതിന് പുറമെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഏകദേശം 26 വ്യോമാക്രമണങ്ങളും ഇസ്രായേല്‍ നടത്തിയതായാണ് വിവരം. ഇറാന് പിന്തുണ നല്‍കുന്ന ലെബനനിലെ സായുധസംഘമായ ഹിസ്ബുളളയെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും ഇസ്രായേലിന്റെ ഈ ആക്രമണങ്ങള്‍ക്കുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തി ഇറാനും

ഇന്നും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ഹിസ്ബുള്ളയും ഈ ആക്രമണങ്ങളില്‍ പങ്കുചേര്‍ന്നു. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അടക്കമുള്ളയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായതായാണ് വിവരം. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമായതോടെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുകയുമാണ്.

വിവിധ രാജ്യങ്ങള്‍ ഇടപെട്ട് സമാധാനശ്രമങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ പ്രസിഡന്റ്

അതേസമയം വിവിധ രാജ്യങ്ങള്‍ ഇടപെട്ട് സമാധാനശ്രമങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ സ്ഥിരീകരിച്ചു. ‘ഇപ്പോള്‍ നയതന്ത്രമല്ല, പ്രതിരോധമാണ് വേണ്ടത്’ എന്നായിരുന്നു ഇറാനിയന്‍ പ്രസിഡന്റിന്റെ നേരത്തെയുള്ള നിലപാട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് പെസഷ്‌കിയാന്‍ ഇന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാധാനം സ്ഥാപിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധരാണെന്നും, എന്നാല്‍ ഇറാന്റെ ശക്തി കുറച്ചുകണ്ടവരോടാണ് ഇക്കാര്യത്തിനായി സമീപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഏതെല്ലാം രാജ്യങ്ങളാണ് സമാധാനശ്രമങ്ങള്‍ ആരംഭിച്ചത് എന്ന് പെസഷ്‌കിയാന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

ആക്രമണം നടത്തില്ല, എന്നാല്‍ യുഎസ് കടന്നുകയറ്റത്തില്‍ പങ്കെടുക്കുമെന്ന് ഇറാനിയന്‍ കുര്‍ദ്ദിഷ് സംഘം

ഇറാന് നേരെ ഉടനടി ഒരു ആക്രമണത്തിന് മുതിരില്ലെന്നും, എന്നാല്‍ യുഎസിന്റെ നേതൃത്വത്തില്‍ കരയുദ്ധമാരംഭിച്ചാല്‍ അവരുമായി പങ്കുചേരുമെന്നും ഇറാനിയന്‍ കുര്‍ദ്ദിഷ് പോരാളികള്‍. വടക്കന്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദ്ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ സായുധസംഘം ഇപ്പോള്‍ തന്നെ ഇറാനിലുണ്ടെന്നും, യുഎസ് കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അവരുമായി ആക്രമണത്തില്‍ പങ്കുചേര്‍ന്നേക്കുമെന്നും സംഘത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ ഖലീല്‍ നാദിരി വ്യക്തമാക്കി. യുഎസും, ഇസ്രായേലുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ നാദിരി, എന്നാല്‍ അവരില്‍ നിന്നും ആയുധങ്ങളടക്കമുള്ള പിന്തുണയൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര കുര്‍ദ്ദിഷ് രാഷ്ട്രം രൂപീകരിക്കുക എന്നതാണ് ഇറാനിയന്‍ കുര്‍ദ്ദ് വംശക്കാരായ ഈ സംഘത്തിന്റെ ലക്ഷ്യം. ഇറാഖിലെ കുര്‍ദ്ദ് പ്രദേശങ്ങളിലാണ് ഇവരുടെ ആസ്ഥാനം.

ഇറാന്‍ കപ്പലിന് അഭയം നല്‍കിയതായി ഇന്ത്യ, കൊച്ചിയില്‍ നങ്കൂരമിട്ടു

ഫെബ്രുവരി 28-ന് ഇറാന് നേരെ ഇസ്രായേലും, അമേരിക്കയും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇറാനിയന്‍ കപ്പലായ ഐആര്‍ഐഎസ് ലാവന് തങ്ങള്‍ അഭയം നല്‍കിയതായി ഇന്ത്യ പറഞ്ഞു. ഇന്ത്യ ആതിഥ്യമരുളിയ നാവികാഭ്യാസ പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന ഐആര്‍ഐഎസ് ദേന എന്ന കപ്പലിനെ യുഎസ് ആക്രമിച്ച് മുക്കിയ സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് നേരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. യുഎസിന്റെ മുങ്ങിക്കപ്പല്‍ നടത്തിയ ആക്രമണത്തില്‍ ദേനയിലെ 80 സൈനികര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും, നൂറുകണക്കിന് പേരെ കാണാതാകുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടിട്ടും, അതിനെതിരെ പ്രതികരിക്കാതിരുന്ന ഇന്ത്യയുടെ നടപടി വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

ഇതിനിടെയാണ് തങ്ങള്‍ ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലിന് അഭയം നല്‍കിയിരുന്നുവെന്ന് ഇന്ത്യ ഇന്ന് വെളിപ്പെടുത്തിയത്. ദേനയ്‌ക്കൊപ്പം സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പലായ ഐആര്‍ഐഎസ് ലാവനില്‍ നിന്നും ഫെബ്രുവരി 28-ന് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതായി സന്ദേശം ലഭിക്കുകയും, തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തര അഭയം നല്‍കുകയും ചെയ്തതായാണ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 1-നാണ് കൊച്ചിയില്‍ നങ്കൂരമിടാന്‍ കപ്പലിന് അനുമതി നല്‍കിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 4 മുതല്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുകയാണ്. കപ്പലിലെ 183 നാവികര്‍ക്ക് താമസസൗകര്യമൊരുക്കി നല്‍കിയതായും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW