കോർക്കിൽ മോഷ്ടിച്ച കാറിൽ പിന്തുടർന്നെത്തി ഡെലിവെറൂ ഡ്രൈവറെ അപകടപ്പെടുത്തി; സംഘത്തെ തിരഞ്ഞ് ഗാർഡ

By Rose Malayalam Desk

കോര്‍ക്കില്‍ ഡെലിവറൂ ഡ്രൈവറെ മോഷ്ടിച്ച കാറില്‍ പിന്തുടര്‍ന്ന് അപകടപ്പെടുത്തിയ സംഘത്തെ തേടി ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി Mahon/Beaumont പ്രദേശത്ത് വച്ചാണ് മോഷ്ടിച്ച കാറുമായി എത്തിയ ഒരു സംഘം പുരുഷന്മാര്‍ ഡെലിവറൂ ഡ്രൈവറായ ചെറുപ്പക്കാരന്റെ മോട്ടോര്‍ബൈക്കിനെ പിന്തുടര്‍ന്നത്. തുടര്‍ന്ന് കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ചെറുപ്പക്കാരന്റെ കാലിന് സാരമായി പരിക്കേറ്റു.

ബ്രസീലിയന്‍ സ്വദേശിയായ ഡെലിവറൂ ജീവനക്കാരനെ Mahon മുതല്‍ Beaumont വരെ സംഘം കാറില്‍ പിന്തുടരുകയും, അപകടമുണ്ടായതോടെ രക്ഷപ്പെടുകയും ചെയ്തതായി ഗാര്‍ഡ പറഞ്ഞു. Beaumont-ലെ Woodvale Road-ല്‍ വച്ചാണ് അപകടം സംഭവിച്ചത്. ചെറുപ്പക്കാരനെ Cork University Hospital-ലെത്തിച്ച് ചികിത്സ നല്‍കി.

കാറിലെ സംഘവും താനും തമ്മില്‍ സംസാരം ഉണ്ടായതായി ഡെലിവറൂ ജീവനക്കാരന്‍ ഗാര്‍ഡയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. അതിന് ശേഷമാണ് പിന്തുടര്‍ന്ന് വന്ന് അപകടപ്പെടുത്തിയത്. കോര്‍ക്കിലെ Blarney-ക്ക് സമീപം Courtbrack-ല്‍ നിന്നും പത്ത് ദിവസം മുമ്പ് മോഷണം പോയ Skoda Kodiaq കാറിലാണ് അക്രമിസംഘം എത്തിയത്.

അതേസമയം ഇതേ കാര്‍ പുലര്‍ച്ചെ 2 മണിയോടെ ഗാര്‍ഡയുടെ വാഹനത്തില്‍ ഇടിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടതായും ഗാര്‍ഡ അറിയിച്ചു. ഈ സംഭവത്തില്‍ രണ്ട് ഗാര്‍ഡകള്‍ക്ക് നിസ്സാര പരിക്കുകളും ഏറ്റിട്ടുണ്ട്.

സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Anglesea St Garda Station- 021-4522000

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments