തെല്ലുമില്ല ആശ്വാസം! അയർലണ്ടിൽ ഒരു വർഷത്തിനിടെ വീട്ടുവാടക ഉയർന്നത് 7%

By Rose Malayalam Desk

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാജ്യത്തെ വീട്ടുവാടക വര്‍ദ്ധന വീണ്ടും ചര്‍ച്ചയാകുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ശരാശരി 7 ശതമാനത്തിനും മേലെയാണ് മുന്‍ വര്‍ഷം ഇതേ കലായളവിനെ അപേക്ഷിച്ച് രാജ്യത്ത് വീട്ടുവാടക ഉയര്‍ന്നത്. രണ്ടാം പാദത്തെ അപേക്ഷിച്ച് 1.7% ആണ് വര്‍ദ്ധന. തുടര്‍ച്ചയായി 15-ആം പാദത്തിലും വാടകനിരക്കുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ മാസവാടകനിരക്ക് ദേശീയതലത്തില്‍ ശരാശരി 1,955 യൂറോ ആയാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനവും, കോവിഡിന് മുമ്പുള്ള കാലഘട്ടത്തെക്കാള്‍ 43 ശതമാനവും ആണ് വര്‍ദ്ധന.

അതേസമയം താരതമ്യേന ഡബ്ലിനില്‍ നിരക്ക് വര്‍ദ്ധന കുറവായിരുന്നെങ്കിലും, നിലവിലെ പണപ്പെരുപ്പം ഡബ്ലിനെയും ബാധിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ വാടകനിരക്ക് വര്‍ദ്ധനയോട് തലസ്ഥാനത്തെയും നിരക്ക് വര്‍ദ്ധനയും അടുത്തുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഡബ്ലിനില്‍ ഈ വര്‍ഷം രണ്ടാം പാദത്തിലെ വാടകനിരക്ക് വര്‍ദ്ധന മുന്‍ വര്‍ഷത്തെക്കാള്‍ 5.2% അധികമാണ് രേഖപ്പെടുത്തിയത്. ഡബ്ലിന്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇത് 8.9% ആയിരുന്നു. അതേസമയം 19% എന്ന നിരക്കിലാണ് ലിമറിക്ക് സിറ്റിയില്‍ വാടകനിരക്ക് കുതിച്ചുയര്‍ന്നത്. കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളില്‍ 10 ശതമാനത്തിലധികവും വാടക വര്‍ദ്ധിച്ചു. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ 5.8% ആണ് വര്‍ദ്ധന.

വാടകയ്ക്ക് വീടുകള്‍ ലഭിക്കുന്നതിന്റെ ദൗര്‍ലഭ്യം തന്നെയാണ് ഏതാനും വര്‍ഷമായി തുടരുന്ന ഭവനപ്രതിസന്ധിയുടെ പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നവംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യമൊട്ടാകെ വെറും 2,400 വീടുകള്‍ മാത്രമാണ് വാടകയ്ക്ക് ലഭ്യമായിരുന്നത്. ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാള്‍ 14% കുറവാണിത്. 2015-19 കാലഘട്ടത്തില്‍ 4,400 വാടകവീടുകളായിരുന്നു ശരാശരി ഉണ്ടായിരുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments