ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വിഷുവും കൃഷ്ണ ഐലൻഡും: സമൃദ്ധിയുടെയും ശാന്തിയുടെയും ഒരു തീർത്ഥാടനം… (ബിനു ഉപേന്ദ്രൻ)

ബിനു ഉപേന്ദ്രന്‍

കേരളീയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിഷു. മേടം ഒന്നാം തീയതി, അതായത് സൂര്യൻ മേടം രാശിയിലേക്ക് മാറുന്ന ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ജ്യോതിഷപ്രകാരം പുതുവർഷം തുടങ്ങുന്ന ദിവസം.”വിഷുവം” എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് വിഷു എന്ന പേര് വന്നത്. ഈ വാക്കിനർത്ഥം “തുല്യമായത്” എന്നാണ്, പകലും രാത്രിയും തുല്യമായി വരുന്ന ദിവസം. തിന്മയുടെ മേൽ നന്മ നേടിയ വിജയകഥകളാണ് വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതും, ശ്രീരാമൻ രാവണനെ ജയിച്ചതുമെല്ലാം ഈ ദിനത്തിന്റെ ഓർമ്മകളാണ്.
ഈ കഥകൾ എന്തുതന്നെയായാലും, വിഷു എല്ലാപേർക്കും തുല്യതയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷ നൽകുന്നു. ഓണം വിളവെടുപ്പിന്റെ ഉത്സവമാണെങ്കിൽ, വിഷു അതിന്റെ തുടക്കമാണ് – പുതിയ കൃഷിക്കാലത്തേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്…. അടുത്ത വർഷത്തെ സമൃദ്ധിക്കായുള്ള പ്രാർത്ഥനയോടെയുള്ള തുടക്കം.! നമ്മുടെ തനത് കാര്‍ഷിക സംസ്‌കാരവുമായി അഭേദ്യമായ ബന്ധമാണ് വിഷുവിനുള്ളത്…….

മറുനാട്ടിൽ കഴിയുന്ന മലയാളിയുടെ ഗൃഹാതുരത മറനീക്കി പുറത്തുവരുന്ന കാലംകൂടിയാണ് വിഷു, ഓണം, പെരുന്നാൾ, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ….. ഈ ആഘോഷങ്ങൾക്കിടയിൽ, വിഷുവിന്റെ ഏറ്റവും ഹൃദയസ്പർശിയായ ആചാരങ്ങളിൽ ഒന്നാണ് വിഷുക്കണി.. വിഷു ദിവസത്തിൽ പുലർച്ചെ, കുടുംബത്തിലെ മുതിർന്ന അംഗം, തലേദിവസം തന്നെ ഒരുക്കിവെച്ചിട്ടുള്ള കണി കാണുന്നതാണ് ഈ ചടങ്ങ്. സമൃദ്ധിയുടെ പ്രതീകങ്ങളായ കണിക്കൊന്നയും വെള്ളരിക്കയും, ഐശ്വര്യത്തിന്റെ അടയാളങ്ങളായ സ്വർണ്ണവും പുതുവസ്ത്രങ്ങളും, ധാന്യങ്ങളും, ഒപ്പം നാളികേരവും ചക്കയും മാങ്ങയും പോലുള്ള ഫലങ്ങളും ചേർന്നതാണ് വിഷുക്കണി.
മംഗളകരമായ കാഴ്ച കണ്ടുകൊണ്ട് ഒരു വർഷം ആരംഭിക്കുന്നത്, ആ വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.

കണിക്കാവശ്യമായ എല്ലാ സമൃദ്ധിയോടും കൂടി ഞങ്ങളും ഒരു യാത്രക്കു പോയി …രാധെയും കണ്ണനെയും കാണാൻ.. കൃഷ്ണ ഐലൻഡിലെ രാധാ ഗോവിന്ദ ക്ഷേത്രത്തിലേക്ക് ..നോർത്തേൺ അയർലൻഡിലെ ഫെർമാനാ കൗണ്ടിയിൽ, ഇനിഷ് റാത്ത് എന്ന സ്ഥലത്ത്, “ലോഫ് എർനി” തടാകത്തിനു നടുവിലാണ് കൃഷ്ണ ഐലൻഡ്. (മനോഹരമായ ഒരു ദ്വീപാണിത്). ഞങ്ങൾ രാവിലെ ഡബ്ലിനിൽ നിന്ന് കാറിലാണ് യാത്ര തുടങ്ങിയത്. ഇനിഷ് റാത്തിൽ എത്താൻ ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് സമയമെടുത്തു. അവിടെ നിന്ന് കൃഷ്ണ ദ്വീപിലേക്ക് പോകാൻ ക്ഷേത്രം തന്നെ നടത്തുന്ന ഫെറി സർവീസുണ്ട്. ഈ ഫെറിയിൽ പോകാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഒന്നുകിൽ krishnaisland.org എന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ +44 7827 504332 / +353 86 220 5852 എന്നീ ഫോൺ നമ്പറുകളിലൂടെയോ ബുക്ക് ചെയ്യാം. മുതിർന്നവർക്ക് അഞ്ച് യൂറോയാണ് (€5) ടിക്കറ്റ് നിരക്ക് (രണ്ട് ഭാഗത്തേക്കും). 12-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതി നിരക്കും, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമാണ്. അപ്പർ ലോഫ് എർനി തടാകത്തിലെ കാഴ്ചകൾ കണ്ടുകൊണ്ടുള്ള ഈ ഫെറി യാത്ര ശരിക്കും മനസ്സിന് സന്തോഷം നൽകുന്ന ഒന്നാണ്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ച്, മറ്റു ചിന്തകളൊന്നുമില്ലാതെ, ധ്യാനം പോലെ ശാന്തമായ ഒരവസ്ഥ. കൃഷ്ണ ദ്വീപിലേക്കുള്ള യാത്രയുടെ നല്ലൊരു തുടക്കം കൂടിയാണിത്.

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ (ISKCON) സ്ഥാപകനായ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ ശിഷ്യന്മാരും, ISKCON അംഗങ്ങളുമാണ് കൃഷ്ണ ദ്വീപിലെ മനോഹരമായ രാധാ ഗോവിന്ദ ക്ഷേത്രം നിർമ്മിച്ചത്. 1966-ൽ ന്യൂയോർക്ക് നഗരത്തിലാണ് പ്രഭുപാദർ ISKCON സ്ഥാപിച്ചത്. അദ്ദേഹം നേരിട്ട് ഈ ക്ഷേത്രനിർമ്മാണത്തിൽ പങ്കെടുത്തില്ലെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങളും തത്വങ്ങളും അനുസരിച്ചാണ് ഭക്തർ ഈ ക്ഷേത്രവും അനുബന്ധ സൗകര്യങ്ങളും ഇവിടെ പണികഴിപ്പിച്ചത്.

ഉത്തർപ്രദേശിലെ വൃന്ദാവനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ ദ്വീപ്, 22 ഏക്കറിൽ സ്ഥിതി ചെയ്യുന്നു. ഇതൊരു ആത്മീയ സ്ഥലം മാത്രമല്ല, പ്രകൃതിയെയും മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ നല്ല സൗഹൃദത്തിലാണ് ഇവിടെ കഴിയുന്നത്. ഒരു പേടിയുമില്ലാതെ എല്ലാവരും ഒരുമിച്ച്…

കൃഷ്ണദ്വീപിൽ എങ്ങോട്ട് തിരിഞ്ഞാലും കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പാണ്. ചുറ്റും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകൾ, തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ. ഈ പച്ചപ്പിനിടയിൽ വർണ്ണാഭമായ മയിലുകൾ നൃത്തം വെക്കുന്നത് ഒരുത്സവം പോലെ മനോഹരമാണ് , പ്രകൃതി ഒരുക്കിയ വർണ്ണവിസ്മയം പോലെ. ദ്വീപിന്റെ മറ്റൊരു മുഖം ശാന്തരായി മേഞ്ഞുനടക്കുന്ന പശുക്കളാണ്. ഒട്ടും ഭയമില്ലാതെ അവ നിങ്ങളുടെ അടുത്തേക്ക് വരും, സ്നേഹത്തോടെ ദേഹത്ത് ഉരുമ്മി നിൽക്കും. ആ മണിനാദവും, പതിഞ്ഞ കാലൊച്ചകളും കേട്ട്, ദ്വീപിന്റെ ശാന്തതയിലേക്ക് നിങ്ങളും അറിയാതെ ഇറങ്ങിച്ചെല്ലും. അങ്ങകലെ, ഒരു നിമിഷം നിങ്ങളെ കൗതുകത്തോടെ നോക്കി, അടുത്ത നിമിഷം കാടിന്റെ മറവിലേക്ക് ഓടിമറയുന്ന മാനുകളെ കണ്ടോ? സ്നേഹവും വിശ്വാസവും നിറച്ചുവെച്ചപോലെയുള്ള ആ കണ്ണുകൾ നിങ്ങളെയും ആകർഷിക്കും. പിന്നെ, ദ്വീപിന്റെ സംഗീതം… പല വർണ്ണങ്ങളിലും രൂപത്തിലുമുള്ള പക്ഷികളുടെ പാട്ടുകൾ! കുയിലുകളുടെ മധുരനാദം, പ്രാവുകളുടെ കുറുകൽ, പേരറിയാത്ത എത്രയോ പക്ഷികളുടെ കളകൂജനം… കണ്ണുകളടച്ച് ആ സംഗീതത്തിൽ മുഴുകൂ… നിങ്ങളാരാണെന്നോ എവിടെനിന്ന് വന്നെന്നോ അവർക്കറിയില്ല; പക്ഷേ, അവരുടെ ലോകത്തേക്ക് സ്നേഹത്തോടെ നിങ്ങളെയും ക്ഷണിക്കുന്നു. നിങ്ങളവിടെ അന്യനല്ല.

ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ ശ്രീകൃഷ്ണനും രാധയുമാണ്.
ദർശന സമയം എല്ലാ ദിവസവും ഒരുപോലെയല്ല. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:00 മുതൽ 2:00 വരെ മാത്രമാണ് ക്ഷേത്രം തുറന്നിരിക്കുക. എന്നാൽ, ഞായറാഴ്ചകളിൽ ഭക്തർക്ക് കൂടുതൽ സമയം ദർശനം നടത്താനായി, ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 5:00 വരെ ക്ഷേത്രം തുറന്നിരിക്കും. കൃഷ്ണ ദ്വീപിലേക്കുള്ള യാത്രയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ക്ഷേത്രത്തിലെ “കൃഷ്ണ പ്രസാദം”. കൃഷ്ണന് സമർപ്പിച്ച ഈ വെജിറ്റേറിയൻ feast , ഒരാൾക്ക് 6 യൂറോ (€6) നിരക്കിൽ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് ക്ഷേത്രത്തിൽ നിന്ന് തന്നെ കഴിക്കാവുന്നതാണ്. ദ്വീപിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കായി അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. താമസിക്കാനുള്ള മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഭക്തർ സാധാരണയായി ശനിയാഴ്ചകളിൽ ഇവിടെയെത്തി രാത്രി തങ്ങിയ ശേഷം, ഞായറാഴ്ച നടക്കുന്ന വലിയ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്താണ് മടങ്ങാറുള്ളത്.

“”ഹരേ കൃഷ്ണ ഹരേ രാമ” – ഈ മന്ത്രത്തിന്റെ ശബ്ദം മാത്രമാണ് ദ്വീപിൽ എവിടെയും കേൾക്കാനാവുക – അതാണ് ഇവിടുത്തെ പൊതുവായ ഭാഷ. സ്നേഹത്തിന്റെയും ഭക്തിയുടെയും ഭാഷ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്ന ഒട്ടേറെപ്പേർ ഇവിടെ സന്നദ്ധസേവകരായി പ്രവർത്തിക്കുന്നു. അവരാണ് ഈ ദ്വീപിന്റെ ചൈതന്യം നിലനിർത്തുന്നത്. അവർ ഭക്തിയോടെ ക്ഷേത്രത്തിൽ അന്നദാനത്തിനായി ഭക്ഷണം പാകം ചെയ്യുന്നു, ദ്വീപിലെ കെട്ടിടങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു, പശുക്കളെ പരിപാലിക്കുന്നു, അവയ്ക്ക് സ്നേഹത്തോടെ തീറ്റ നൽകുന്നു…

എല്ലാം “ഹരേ കൃഷ്ണ ഹരേ രാമ” മന്ത്രത്തിന്റെ അകമ്പടിയോടെ. ഓരോ പ്രവൃത്തിയും ഇവിടെ പ്രാർത്ഥനയാകുന്നു. ഞങ്ങളും കുറച്ചു സമയം അവരോടൊപ്പം ചേർന്നു. അവരുടെ ദൈനംദിന പ്രവർത്തികളിൽ പങ്കുചേർന്നു, ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവരുമായി ഇടപഴകി. ആ സ്നേഹവും സന്തോഷവും ഐക്യവും ഞങ്ങൾക്കും അനുഭവിക്കാനായി, ഒപ്പം “ഹരേ കൃഷ്ണ ഹരേ രാമ” എന്ന മന്ത്രം ഉരുവിടാനും.

ക്ഷേത്രത്തിൽ ദർശനം നടത്താനും പ്രാർത്ഥിക്കാനും മാത്രമല്ല ഇവിടെ അവസരമുള്ളത്. Eastern തത്ത്വചിന്തയെക്കുറിച്ച് പഠിക്കാനും, അതിനായി ക്രമീകരിച്ചിട്ടുള്ള ക്ലാസ്സുകളിൽ പങ്കെടുക്കാനും ഇവിടെ സൗകര്യമുണ്ട്. വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരായ ആചാര്യന്മാർ നയിക്കുന്ന പ്രഭാഷണങ്ങളും ചർച്ചകളും ഉണ്ടാകും. പഠനത്തോടൊപ്പം, പ്രകൃതിയുടെ സൗന്ദര്യവും ഇവിടെ ആവോളം ആസ്വദിക്കാം. ശാന്തമായി ഒഴുകുന്ന പുഴകളും, ഇടതൂർന്ന മരങ്ങളും, വർണ്ണാഭമായ പൂക്കളും നിറഞ്ഞ ദ്വീപിലൂടെയുള്ള നടത്തം മനസ്സിന് കുളിർമ്മയും സമാധാനവും നൽകും. പ്രകൃതിയുടെ ഓരോ സ്പന്ദനവും അറിഞ്ഞ്, അതിന്റെ സൗന്ദര്യത്തിൽ ലയിച്ച്, സ്വയം മറന്നൊരു യാത്രയായിരിക്കും ഇത്. അതോടൊപ്പം ദ്വീപിൽ പാലിക്കേണ്ട ചില ചിട്ടകളുണ്ട്. മാംസാഹാരം, പുകവലി, മദ്യപാനം എന്നിവ ദ്വീപിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു. സന്ദർശകർ ഈ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

സന്ധ്യയോടെ ഫെറിയിൽ തിരികെ ഇനിഷ് റാത്ത്ലേക്കും പിന്നീട് ഡബ്ലിനിലേക്കും മടങ്ങി. ഇതൊരു വെറും യാത്രയായിരുന്നില്ല, ഒരു തീർത്ഥാടനം പോലെയായിരുന്നു… മനസ്സിൽ ഇപ്പോഴും “ഹരേ രാമ ഹരേ കൃഷ്ണ” മന്ത്രത്തിന്റെ മാറ്റൊലിയുണ്ട്. ആ ദ്വീപിൽ കണ്ട കാഴ്ചകളും മറക്കാനാവില്ല – പ്രകൃതിയുടെ ശാന്തത, അവിടെയുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും സാമീപ്യം… എല്ലാം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു… വിഷു നൽകുന്ന സമൃദ്ധിയും സമാധാനവും ഈ ദ്വീപിൽ കാണാം. ഇവിടം സന്ദർശിക്കുന്നവരുടെ മനസ്സിൽ ഒരു ആത്മീയ ഉണർവ്വ് ഉണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല.

എങ്കിലും, തിരികെ വരുമ്പോൾ (കൃഷ്ണ ദ്വീപിൽ നിന്ന്) മനസ്സിൽ കുറെ ചോദ്യം ബാക്കിയായി:

കണ്ണന് കണിയൊരുക്കാൻ കൊന്നപ്പൂ തേടി നടക്കുമ്പോൾ, ആരെങ്കിലും ചിന്തിക്കാറുണ്ടോ കൃഷ്ണനും ഈ സ്വർണ്ണപ്പൂക്കളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച്?

വിഷുക്കണിയിലെ ഓരോ വസ്തുവും പുറമേയുള്ള സമൃദ്ധിയെ സൂചിപ്പിക്കുമ്പോൾ, യഥാർത്ഥ ‘കണി’ നമ്മുടെ ഉള്ളിൽത്തന്നെ ഉണ്ടാകേണ്ടതല്ലേ?

എല്ലാവർക്കും വിഷു ആശംസകള്‍!

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW