സാമൂഹിക വിരുദ്ധർ വരച്ച ഗ്രാഫിറ്റികൾ വൃത്തിയാക്കാൻ ഡബ്ലിനിലെ കൗൺസിലുകൾ ചെലവിട്ടത് ഒരു മില്യൺ യൂറോയിലധികം

By Rose Malayalam Desk

അയര്‍ലണ്ടില്‍ സാമൂഹികവിരുദ്ധര്‍ പൊതുസ്ഥലത്തെ ചുവരുകളിലും മറ്റും ഗ്രാഫിറ്റി കുത്തിവരയ്ക്കുന്നതും, മോശം പദങ്ങള്‍ എഴുതുന്നതും വൃത്തിയാക്കാനായി അധികൃതര്‍ ചെലവിടുന്നത് ലക്ഷക്കണക്കിന് യൂറോ. ഡബ്ലിനിലെ നാല് കൗണ്‍സിലുകള്‍ കൂടി 2023-ലും, 2024-ലുമായി ഗ്രാഫിറ്റി വൃത്തിയാക്കാന്‍ ചെലവിട്ടത് 1.026 മില്യണ്‍ യൂറോ ആണ്. പെയിന്റ് സ്‌പ്രേ ചെയ്യുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോശം കാര്യങ്ങള്‍ എഴുതുക എന്നിങ്ങനെ 4,600-ഓളം ഗ്രാഫിറ്റികളാണ് കൗണ്‍സിലുകള്‍ രണ്ട് വര്‍ഷത്തിനിടെ മായ്ച്ച് കളഞ്ഞത്.

700,000 യൂറോ ചെലവിട്ട ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2,330 ഗ്രാഫിറ്റികളാണ് കൗണ്‍സില്‍ വൃത്തിയാക്കിയത്. ഇതില്‍ 923 എണ്ണം മോശം വാക്കുകളും, രാഷ്ട്രീയമോ, വംശീയമോ ആതുമായിരുന്നു. മോശം കാര്യങ്ങള്‍ എഴുതിയാല്‍ 48 മണിക്കൂറിനകവും, മറ്റുള്ളവ സമയം നിശ്ചിതസമയത്തിനുള്ളിലും മായ്ച്ചുകളയുകയാണ് തങ്ങളുടെ പോളിസി എന്നും സിറ്റി കൗണ്‍സില്‍ പറഞ്ഞു. ഇവ വൃത്തിയാക്കാന്‍ പലപ്പോഴും പുറത്തുനിന്നുള്ളവര്‍ക്ക് കരാര്‍ കൊടുക്കുകയും ചെയ്യാറുണ്ട്.

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലാകട്ടെ 2023-24 വര്‍ഷങ്ങളില്‍ ഗ്രാഫിറ്റി വൃത്തിയാക്കാനായി ചെലവിട്ടത് 171,000 യൂറോ ആണ്. 2024-ല്‍ ചെലവ് കുത്തനെ ഉയരുകയും ചെയ്തു. 475 ഗ്രാഫിറ്റികളാണ് തങ്ങള്‍ മായ്ച്ചു കളഞ്ഞതെന്നും, ഇതില്‍ 31 എണ്ണം വംശീയാധിക്ഷേപമോ, LGBTQ വിഭാഗത്തെ അധിക്ഷേപിക്കുന്നതോ ആയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗ്രാഫിറ്റി കളയാനായി Dún Laoghaire-Rathdown County Council 93,000 യൂറോയും, Fingal County Council 60,000 യൂറോയും ചെലവിട്ടതായും അധികൃതര്‍ അറിയിച്ചു. സാധാരണയായി പൊതുസ്ഥലത്തെ ഗ്രാഫിറ്റികളാണ് ഇത്തരത്തില്‍ അധികൃതര്‍ മായ്ച്ചു കളയുകയോ, വൃത്തിയാക്കുകയോ ചെയ്യുന്നത്. സ്വകാര്യ കെട്ടിടങ്ങളിലും മറ്റുമാണ് ഗ്രാഫിറ്റി വരച്ചിരിക്കുന്നത് എങ്കില്‍ അത് വൃത്തിയാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. എങ്കിലും പൊതു ഇടത്ത് നിന്നും ദൃശ്യമാകുന്ന തരത്തിലാണ് ഗ്രാഫിറ്റി എങ്കില്‍ അതും കൗണ്‍സിലുകള്‍ വൃത്തിയാക്കാറുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments