അയര്‍ലന്‍ഡ് ഇതുവരെ നേരിട്ട ഏറ്റവും രൂക്ഷമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും സ്റ്റോം Éowyn എന്ന് നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ്ന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യം മുഴുവൻ സ്റ്റാറ്റസ് റെഡ് കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
Met Eireann രാജ്യത്തെ 26 കൗണ്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അഞ്ച് റെഡ് കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. 130 കിലോമീറ്റർ/മണിക്കൂർ വേഗത്തിൽ ഉള്ള കാറ്റ്, വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്ന് Met Eireann അറിയിച്ചു.
വ്യത്യസ്ത കൗണ്ടികളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ പ്രാബല്യത്തിൽ വരുമെങ്കിലും, വെള്ളിയാഴ്ച അയര്‍ലന്‍ഡിലെ മുഴുവന്‍ സ്കൂളുകൾക്കും അവധി നല്‍കി.
കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കൊർക്ക്, കെറി, ലിമറിക്ക്, വാട്ടർഫോർഡ് ജില്ലകളിൽ വെള്ളി പുലർച്ചെ 2 മണി മുതൽ 10 മണി വരെ റെഡ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.
ക്ലയർ, ഗാൾവേ ജില്ലകൾക്ക് വെള്ളി പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റെഡ് മുന്നറിയിപ്പ് ഉണ്ടാകും.
ലൈട്രിം, മയോ, സ്ലൈഗോ ജില്ലകൾക്ക് വെള്ളി പുലർച്ചെ 4 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് റെഡ് മുന്നറിയിപ്പ് ബാധകമാകുക.
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും വെള്ളി പുലർച്ചെ 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് ബാധകമാണ്.
നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ഇന്നലെ ചേർന്ന യോഗത്തിൽ ജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക, സുരക്ഷിതമായ ഇടങ്ങളിൽ താമസിക്കുക, യാത്രാ പദ്ധതികൾ പുനഃപരിശോധിക്കുക എന്നീ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments