120 കിമീ വേഗതയിൽ വീശിയടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്; അയർലണ്ടിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതബന്ധം നിലച്ചു

By Rose Malayalam Desk

മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ വീശിയടിച്ച ആഷ്‌ലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇപ്പോഴും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ലാതെ തുടരുന്നു. ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളിലടക്കം നിരവധി വിമാനസര്‍വീസുകള്‍ കൊടുങ്കാറ്റ് കാരണം റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്.

ഞായറാഴ്ച വീശിയടിച്ച കാറ്റില്‍ പതിനായിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ഇതില്‍ പലയിടത്തും ബന്ധം പുനഃസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 7 മണി വരെയുള്ള വിവരപ്രകാരം രാജ്യത്തെ 16,000-ഓളം വീടുകള്‍ വൈദ്യുതിയില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് കാറ്റ് കാര്യമായും ബാധിച്ചതെങ്കിലും നോര്‍ത്ത് ഡബ്ലിനിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച 53,000 വീടുകളിലെ വൈദ്യുതബന്ധം കൊടുങ്കാറ്റ് കാരണം നിലച്ചിരുന്നു.

വീടുകള്‍, കൃഷിയിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ മുതലായ ഇടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമം തുടരുകയാണെന്ന് ESB അറിയിച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച അയര്‍ലണ്ടിലും, വടക്കന്‍ അയര്‍ലണ്ടിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കെറി, ലെയ്ട്രിം, സ്ലൈഗോ, ക്ലെയര്‍, ഡോണഗല്‍, മയോ, ഗോള്‍വേ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ ഓറഞ്ച് വാണിങ്ങാണ് നല്‍കിയിരുന്നത്. അര്‍ദ്ധരാത്രി വരെ ഐറിഷ് ദ്വീപിലെങ്ങും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിരുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ രാത്രി 7.45 വരെ യാത്ര പുറപ്പെടാനും, ലാന്‍ഡ് ചെയ്യാനുമായുണ്ടായിരുന്ന 60 വിമാനങ്ങളാണ് റദ്ദാക്കിയത്. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ 28 സര്‍വീസുകളും ക്യാന്‍സല്‍ ചെയ്തു.

കൊടുങ്കാറ്റില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments