ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

Adolescence: സ്ക്രീനിനപ്പുറം നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? (ബിനു ഉപേന്ദ്രൻ)

ബിനു ഉപേന്ദ്രൻ

സത്യം പറയാമല്ലോ, എന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാതിവഴിയിൽ നിർത്തിയ സീരീസുകളുടെ ഒരു ശവപ്പറമ്പാണ്! പലതും വലിയ ആവേശത്തിൽ തുടങ്ങി, ഒന്നോ രണ്ടോ എപ്പിസോഡ് കഴിയുമ്പോൾ ‘ഇതത്ര പോരാ’ എന്ന് തോന്നി നിർത്തിപ്പോകും. അതുകൊണ്ടുതന്നെ, വീട്ടിൽ ധന്യ ‘അഡോളസെൻസ്’ എന്ന പുതിയ ബ്രിട്ടീഷ് ക്രൈം ഡ്രാമയെക്കുറിച്ച് ആവേശത്തോടെ സംസാരിച്ച്, ‘ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകും, നിർബന്ധമായും കാണണം’ എന്ന് പറഞ്ഞപ്പോൾ, എന്റെ പതിവ് നിസ്സംഗത നിറഞ്ഞ മുഖഭാവമായിരുന്നു മറുപടി. സത്യത്തിൽ എനിക്ക് വലിയ താൽപ്പര്യമൊന്നും തോന്നിയിരുന്നില്ല.

എന്നാൽ, “ഇത് വെറും കഥയല്ല, ഇന്നത്തെ കാലത്തെ കുട്ടികളുടെ കാര്യമാണ്, എല്ലാവരും കണ്ടിരിക്കണം” എന്ന വാക്കുകളിലെ ഉറപ്പും ഗൗരവവും എന്റെ സംശയങ്ങളെ പതുക്കെ അലിയിച്ചുകളഞ്ഞു. ‘ശരി, ഒന്നു കണ്ടുകളയാം’ എന്ന് മനസ്സില്ലാമനസ്സോടെയാണെങ്കിലും സമ്മതിച്ച് ഒടുവിൽ ഞാൻ ആ സീരീസിന് മുന്നിലിരുന്നു – ‘അഡോളസെൻസ്’.

മുൻവിധികൾ എല്ലാം മാറ്റിവെച്ച് പറയട്ടെ, ആ തീരുമാനം വെറുതെയായില്ല. കണ്ടുതുടങ്ങിയപ്പോൾ മുതൽ ‘അഡോളസെൻസ്’ എന്നെ പിടിച്ചിരുത്തി. ഒരു സാധാരണ കുറ്റാന്വേഷണ കഥയുടെ പതിവ് ചേരുവകൾക്കപ്പുറം, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മളും നമ്മുടെ കുട്ടികളും നേരിടുന്ന യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന, വളരെയധികം പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, കണ്ടിരിക്കേണ്ട ഒരു സീരീസ് തന്നെയാണ് ‘അഡോളസെൻസ്’.

ഈ മാർച്ച് 13-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ക്രൈം സീരീസ് ഇതിനോടകം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മിന്നൽ വേഗത്തിൽ കഥപറഞ്ഞുപോകുന്ന നാല് “continuous shots” എപ്പിസോഡുകൾ! ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ, 13 വയസ്സുകാരനായ ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ ജീവിതം മാറിമറിയുന്ന നിർണായകവും ആകാംക്ഷാഭരിതവുമായ നിമിഷങ്ങളിലേക്കാണ് ഈ പരമ്പര നമ്മെ കൊണ്ടുപോകുന്നത്. തന്റെ സ്കൂളിലെ ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ജെയ്മി അറസ്റ്റിലാകുന്നതോടെയാണ് കഥാഗതി സങ്കീർണ്ണമാകുന്നത്.

ഡിജിറ്റൽ യുഗത്തിലെ കൗമാരം ‘അഡോളസെൻസി’ൽ കാണുമ്പോൾ നമ്മുടെ കുട്ടികൾ ഇപ്പോൾ എവിടെയാണ്? തൊട്ടടുത്ത മുറിയിലോ? അതോ, ഒരുപക്ഷേ നമ്മളറിയാത്ത, അതിരുകളില്ലാത്ത ഒരു ഡിജിറ്റൽ ലോകത്തോ? ഇന്നത്തെ തലമുറ ജീവിക്കുന്നത് ഇങ്ങനെ രണ്ട് യാഥാർത്ഥ്യങ്ങളിലാണ് – ഒന്ന് കൺമുന്നിലുള്ള, നമുക്ക് സ്പർശിക്കാനാവുന്ന ലോകം, മറ്റൊന്ന് സ്ക്രീനിനപ്പുറത്തെ അതിവിശാലമായ, എന്നാൽ പലപ്പോഴും അപകടം പതിയിരിക്കുന്ന മായാലോകം. വിരൽത്തുമ്പിൽ വിജ്ഞാനവും വിനോദവും കളിക്കൂട്ടുകാരും എത്തുമ്പോൾ, അതേ വിരൽത്തുമ്പിലൂടെ വിഷലിപ്തമായ ആശയങ്ങളും ചതിക്കുഴികളും അവരുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന് നമുക്കെങ്ങനെ ഉറപ്പിക്കാനാവും? ഈ ഡിജിറ്റൽ സ്വാതന്ത്ര്യത്തിന് തീർച്ചയായും ഇരുണ്ട ഒരു മറുപുറമുണ്ട്!

ഇതിലെ ജെയ്മി എന്ന കൗമാരക്കാരൻ ചെന്നുപെടുന്നത് ‘മാനോസ്ഫിയർ’ (Manosphere) എന്നറിയപ്പെടുന്ന ഇന്റർനെറ്റിലെ ഒരു ഇരുണ്ട മൂലയിലാണ്. ഒറ്റനോട്ടത്തിൽ ആകർഷകമെന്ന് തോന്നാമെങ്കിലും, കൗമാരമനസ്സുകളെ വഴിതെറ്റിക്കാൻ പാകത്തിലുള്ള, പുരുഷമേധാവിത്വത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും വിഷം ചീറ്റുന്ന ആശയങ്ങൾകൊണ്ട് നിറഞ്ഞ ഒരിടം. പുറമെ ശാന്തനായി കാണപ്പെടുന്ന ഒരു കുട്ടി, എങ്ങനെയാണ് ഇത്തരം അദൃശ്യ സ്വാധീനങ്ങളാൽ ഉള്ളിൽ മാറുന്നതെന്നും, അത് എങ്ങനെയൊരു ദുരന്തത്തിലേക്ക് നയിക്കാമെന്നും ഈ സീരീസ് വരച്ചുകാട്ടുന്നു.

“ഓ, ഇതൊക്കെ സിനിമയിലല്ലേ നടക്കൂ? നമ്മുടെ കുട്ടികൾ സേഫ് ആണ്!”- ഇങ്ങനെ ചിന്തിച്ച് ആശ്വസിക്കാൻ വരട്ടെ! ഒരു നിമിഷം കണ്ണ് തുറന്ന് നമ്മുടെ വീടുകളിലേക്ക് തന്നെ നോക്കൂ. വിലകൂടിയ സ്മാർട്ട്ഫോണുകൾ കയ്യിലേന്തി, ഹൈ-സ്പീഡ് ഇന്റർനെറ്റിന്റെ ലോകത്ത് 24×7 ജീവിക്കുന്ന നമ്മുടെ കുട്ടികൾ – അവർ ശ്വസിക്കുന്നതുപോലും ഡിജിറ്റൽ വായുവല്ലേ? ഓൺലൈൻ ക്ലാസ്സും വീഡിയോ ഗെയിമും റീലുകളുമെല്ലാം അവരുടെ ലോകത്തിൽ തിളങ്ങുന്ന പുറംകാഴ്ച മാത്രം. പക്ഷെ, ആ സ്ക്രീനുകൾക്ക് പിന്നിലെ അദൃശ്യ ലോകമോ? ‘അഡോളസെൻസ്’ പോലുള്ള പരമ്പരകൾ നമ്മുടെ സ്വീകരണമുറികളിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നത് അത്തരം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളാണ്: എന്റെ /നമ്മുടെ കുട്ടി ഓൺലൈനിൽ എന്താണ് യഥാർത്ഥത്തിൽ കാണുന്നത്? ആരാണ് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് അവരെ സ്വാധീനിക്കുന്നത്? ‘സുരക്ഷിതർ’ എന്ന നമ്മുടെ വിശ്വാസം ഒരുപക്ഷേ, ഒരു അപകടകരമായ മിഥ്യാബോധം മാത്രമാണോ? വിഷലിപ്തമായ ചിന്തകളുടെയോ ചൂഷണത്തിന്റെയോ ഒരു വല അവരെ വരിഞ്ഞുമുറുക്കുന്നുണ്ടോ എന്ന ഭയം നമ്മെ പിടികൂടുന്നില്ലേ?

ഒരു അച്ഛനെന്ന നിലയിൽ, ‘അഡോളസെൻസ്’ കണ്ടിരിക്കുമ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി എന്നതാണ് സത്യം. കാരണം, സ്ക്രീനിൽ ഞാൻ കണ്ടത് ജെയ്മിയുടെ മാതാപിതാക്കളായ എഡിയെയും (സ്റ്റീഫൻ ഗ്രഹാം) മാൻഡയെയും (ക്രിസ്റ്റീൻ ട്രെമാർക്കോ) മാത്രമല്ല, ഒരുപക്ഷേ എന്നെത്തന്നെയും, എന്നെപ്പോലെയുള്ള അനേകം രക്ഷിതാക്കളെയുമായിരുന്നു. എഡിയും മാൻഡയും നമ്മളിൽ ഭൂരിഭാഗം പേരെയും പോലെ, സാധാരണ ജീവിതം നയിക്കുന്നവരാണ്. കുടുംബത്തിനു വേണ്ടി രാപകൽ ഓടുന്ന, മക്കളുടെ നല്ല ഭാവിക്കായി സ്വന്തം ഇഷ്ടങ്ങൾപോലും മാറ്റിവെക്കുന്ന, അവരെ ജീവനുതുല്യം സ്നേഹിക്കുന്ന, എന്നാൽ എവിടെയോ പിഴച്ചുപോകുന്ന ലക്ഷക്കണക്കിന് മാതാപിതാക്കളിൽ രണ്ടുപേർ മാത്രം. ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അവർ തങ്ങളുടെ മകനെ വിശ്വസിച്ചു, ഒരുപക്ഷേ അല്പം അമിതമായിത്തന്നെ.

എന്നാൽ, കൗമാരത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന തങ്ങളുടെ മകന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു വാതിൽ തുറക്കാൻ, അവന്റെ ചിന്തകളെ അടുത്തറിയാൻ അവർക്ക് കഴിയാതെ പോകുന്നു. എപ്പോഴോ അവനും അവർക്കുമിടയിൽ അദൃശ്യമായ ഒരു മതിൽ രൂപപ്പെട്ടിരുന്നു – ഒരുപക്ഷേ ഡിജിറ്റൽ ലോകം പണിതുയർത്തിയ, തലമുറകളുടെ വിടവ് കൊണ്ട് ബലപ്പെട്ട ഒരു മതിൽ.

സീരീസിലെ ഏറ്റവും ഹൃദയസ്പർശിയായ, എന്നാൽ കണ്ടിരിക്കുമ്പോൾ ഉള്ളിൽ ഭയം നിറയ്ക്കുന്നതുമായ ഒരു രംഗമുണ്ട്: ജെയ്മി സ്കൂളിൽ നിന്ന് വന്ന്, വീട്ടുകാരുമായി അധികം സംസാരിക്കാതെ, നേരെ തന്റെ മുറിയിൽ കയറി വാതിലടയ്ക്കുന്നു. മണിക്കൂറുകളോളം അവൻ ആ അടച്ചിട്ട മുറിയിൽ കമ്പ്യൂട്ടറിന് മുന്നിലാണ്. ആ രംഗം ഓർത്തെടുക്കുന്ന മാതാപിതാക്കൾ പറയുന്നു, ‘അവൻ പുറത്തെങ്ങും പോകാതെ റൂമിലിരുന്ന് കമ്പ്യൂട്ടർ നോക്കുകയല്ലേ, അവിടെ അവൻ സുരക്ഷിതനാണ് എന്ന് ഞങ്ങൾ ആശ്വസിച്ചു’. എത്രയെത്ര മാതാപിതാക്കൾ ഇതേ ആശ്വാസം കൊണ്ടിട്ടുണ്ടാവാം!

എന്നാൽ, ആ നാല് ചുവരുകൾക്കുള്ളിലെ ശാരീരിക സുരക്ഷിതത്വത്തിനപ്പുറം, ആ തിളങ്ങുന്ന കമ്പ്യൂട്ടർ സ്ക്രീൻ അവനൊരു വാതിൽ തുറന്നിടുകയായിരുന്നു – അവർക്ക് ചിന്തിക്കാൻ പോലുമാകാത്ത, ആശയങ്ങളും വിദ്വേഷവും നിറഞ്ഞ, അപകടം പതിയിരിക്കുന്ന ഒരു ഡിജിറ്റൽ ലോകത്തേക്ക്. ആ അടഞ്ഞ വാതിൽ ഒരു മറയായിരുന്നു….

‘അഡോളസെൻസ്’ ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി, നമ്മുടെയെല്ലാം കൺമുന്നിൽ, എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു ലോകത്തെക്കുറിച്ചുള്ള തീവ്രമായ ഓർമ്മപ്പെടുത്തലാണ്. അത് നമ്മൾ കണ്ടില്ലെന്ന് നടിക്കുന്ന, നമ്മുടെ കൺമുന്നിലെ ഡിജിറ്റൽ ലോകത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഒരു അപായമണിയാണ്. നമ്മുടെ കുട്ടികളുടെ സ്ക്രീനുകൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു നിമിഷമെങ്കിലും കണ്ണോടിക്കാനും, അവരുമായി ആ വിഷയങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിക്കാനും ഈ സീരീസ് നമ്മെ നിർബന്ധിതരാക്കുന്നു.

അവസാനം ഒരു ചോദ്യം മാത്രം ബാക്കിയാക്കി ; ‘ഇനി അതിന്… നമ്മൾ ഒരുപാട് വൈകിപ്പോയോ?”

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW