അയര്‍ലണ്ടിലെ ഉയര്‍ന്ന ഇന്ധനവിലയ്ക്ക് പരിഹാരം കാണുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സര്‍ക്കാര്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് കൂടുന്ന മന്ത്രിസഭായോഗത്തില്‍ അനുമതി ലഭിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ ഡീസലിന് 20 സെന്റും, പെട്രോളിന് 15 സെന്റുമാണ് കുറയുക. ഈ ഇളവ് മെയ് അവസാനം വരെ തുടരും.
ഇതിനൊപ്പം ചരക്കുലോറികള്‍, ബസുകള്‍ എന്നിവയ്ക്ക് മുന്‍കാലപ്രാബല്യത്തോടെ ഇന്ധന റിബേറ്റും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഹോം ഹീറ്റിങ് ഓയിലിന് നല്‍കിവരുന്ന ആഴ്ചയില്‍ 38 യൂറോ ഫ്യുവല്‍ അലവന്‍സ് ഇനിയും നീട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നല്‍കിവരുന്ന അലവന്‍സ് ഏപ്രിലില്‍ അവസാനിക്കാനിരിക്കുകയാണ്. നിലവില്‍ ഹീറ്റിങ് ഓയില്‍ വില ഇരട്ടിയോളമുയര്‍ന്ന് 500 ലിറ്ററിന് 800 യൂറോ എന്ന നിലയിലായിട്ടുണ്ട്.
യുഎസും ഇസ്രായേലും ഇറാനെതിരായി യുദ്ധമാരംഭിച്ചതിന് പിന്നാലെ ലോകമെമ്പാടും ഇന്ധനക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടുകയാണ്. ഇതിന്റെ അനുരണനങ്ങളാണ് അയര്‍ലണ്ടിലുമെത്തിയിരിക്കുന്നത്.
ഇറാനിലെ ഉന്നത നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ട്രംപ്, യുദ്ധമവസാനിക്കുമെന്ന് പ്രതീക്ഷ
അതേസമയം ഇറാനിലെ ഒരു ഉന്നത നേതാവുമായി ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ച മികച്ചതായിരുന്നു എന്നും, അതിനാല്‍ ഇറാന്റെ ഊര്‍ജ്ജനിലയങ്ങളെ തങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞു.
നിലവിലെ യുദ്ധത്തിന് അയവുവരുത്തുമെന്നും, ഒരുപക്ഷേ യുദ്ധം തന്നെ അവസാനിച്ചേക്കുമെന്നും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണിത്. ലോകമെമ്പാടുമായി ഇന്ധനക്കടത്തിന് അടക്കം കപ്പലുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന പാതയായ ഹോര്‍മുസ് കടലിടുക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കകം ഇറാന്‍ തുറന്നുകൊടുക്കാത്ത പക്ഷം, ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള ഭീഷണി. ഇറാനാണ് ഹോര്‍മുസിന്റെ നിയന്ത്രണമുള്ളത്.
ഇറാനിലെ എല്ലാവരാലും ആദരണീയനായ ഒരു നേതാവുമായി നടത്തിയ ചര്‍ച്ചകള്‍ നല്ലതായിരുന്നുവെന്നും, അതിനാല്‍ ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടുകയാണെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. അതേസമയം ഈ നേതാവ് പുതിയ ആയത്തുള്ളയല്ല എന്ന് പറഞ്ഞെങ്കിലും ആരാണ് എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments