രക്ഷകൻ (കവിത – പ്രസാദ് കെ. ഐസക്)

By Rose Malayalam Desk

കന്യാമറിയത്തിൻ കണ്മണിയായ് കാലിത്തൊഴുത്തിൽ പിറന്നവനേ

പാപികൾ ഞങ്ങൾ തൻ പാപം പോക്കാൻ പീഢകളേറ്റു പിടഞ്ഞ നാഥാ

കാനായിൽ കല്യാണത്തിന്നൊരുനാൾ വെള്ളം വീഞ്ഞാക്കിയ വിസ്മയമേ

വഴിതെറ്റിപ്പോയ നിൻ ആടുകൾക്ക് നേർവഴി കാട്ടണേ നല്ലിടയാ

അയ്യായിരം പേർക്കഞ്ചപ്പംകൊണ്ട് അന്നമൊരുക്കിയ അത്ഭുതമേ

കുരുടൻ തൻ കണ്ണിന്നു കാഴ്ചയേകി കൂരിരുൾ മാറ്റിയ കാരുണ്യമേ

അലറും കടലിൽ നടന്നുതൻ അരുമയാം ശിഷ്യർക്കരുകിൽ അണഞ്ഞവനെ

അറിയാതെ അടിയങ്ങൾ ചെയ്‌തപരാധങ്ങൾ അലിവാൽ പൊറുക്കണേ ആത്മനാഥാ

രക്ത സ്രാവക്കാരിക്കേകി സൗഖ്യം തൻറ്റെ വസ്ത്രത്തിൻ തൊങ്ങലിൽ തൊട്ടനേരം

തളർവാത രോഗിക്കു സൗഖ്യമേകി പിന്നെ കുഷ്ഠരോഗിക്കേകി രോഗശാന്തി 

മരണത്തിൻ നാലാം നാൾ ലാസറിന്ന് പ്രാണൻ ഏകിയോനെ പ്രാണനാഥാ

മരണ ഭയത്താൽ മരുവും നിൻ മക്കൾക്ക് പുതുജീവൻ നൽകണേ സ്നേഹനാഥാ

അരുകിലണഞ്ഞവർക്കാശ്രയമായി നീ ആകുലചിത്തർക്കാശ്വാസമായി

പാരിലെ പാപങ്ങൾ പോക്കുവാൻ വന്നനീ പാപികളാൽ  പീഢ  ഏറ്റുവാങ്ങി

ചാട്ടവാറടിയേറ്റു നീ പുളഞ്ഞു മുൾക്കിരീടം പേറി നിൻ ശിരസ്സിൽ

ദാഹജലം നിനക്കേകിയില്ല  അവർ കൈപ്പുനീർ തന്നു കുടിക്കുവാനായ്

ക്രൂരന്മാർ കൂട്ടമായ് കൂടിനിന്ന് കുന്തമുനയാലേ കുത്തിനിന്നെ

കാരിരുമ്പാണി തറച്ചു നിൻ കൈകളിൽ കാൽവരി കുന്നിൽ നീ ക്രൂശിതനായ്

മരണത്തിൻ മൂന്നാംനാൾ ഉദ്ധിതനായ് മൃതിയെ ജയിച്ചോരെൻ യേശുനാഥാ

നിന്റെ രാജ്യം വന്നുചേർന്നിടാനായ് പ്രത്യാശയാൽ ഞങ്ങൾ കാത്തിരിപ്പൂ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments