അഞ്ച് ദിന സമരമില്ല; പകരം 8 മണിക്കൂർ പണിമുടക്ക്: എയർ ലിംഗസ് പൈലറ്റുമാർ

By Rose Malayalam Desk

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് അഞ്ച് ദിവസം നടത്താനിരുന്ന വര്‍ക്ക് ടു റൂള്‍ സമരം, ഒറ്റ ദിവസം എട്ട് മണിക്കൂര്‍ നേരത്തെ പണിമുടക്കായി മാറ്റി എയര്‍ ലിംഗസ് പൈലറ്റുമാര്‍. ജൂണ്‍ 26 മുതല്‍ അഞ്ച് ദിവസം അധികസമയ ജോലി ചെയ്യാതെയുള്ള വര്‍ക്ക് ടു റൂള്‍ സമരം നടത്താനായിരുന്നു എയര്‍ ലിംഗസിലെ The Irish Air Line Pilots’ Association (IALPA) അംഗങ്ങളായ പൈലറ്റുമാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന് പകരമായി ജൂണ്‍ 29-ന് രാവിലെ 5 മണി മുതല്‍ 1 മണി വരെ പൂര്‍ണ്ണമായ പണിമുടക്ക് ആണ് നടത്തുക.

സമരത്തില്‍ തങ്ങളെ വില്ലന്മാരാക്കുന്ന കമ്പനിയുടെ രീതി മനസിലാക്കിയതിനാലാണ് അഞ്ച് ദിവസത്തെ സമരപരിപാടി വേണ്ടെന്ന് വച്ചതെന്ന് IALPA അറിയിച്ചു. നിരവധി സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും, അവധിക്കാലമായതിനാല്‍ 20,000-ഓളം യാത്രക്കാരെ അഞ്ച് ദിവസത്തെ സമരം ബാധിക്കുമെന്നും എയര്‍ ലിംഗസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളെ ശത്രപക്ഷത്ത് നിര്‍ത്തുന്ന കമ്പനിയുടെ നിലപാട് കാരണമാണ് എട്ട് മണിക്കൂര്‍ പണിമുടക്കിലേയ്ക്ക് സമരരീതി മാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് IALPA പ്രസിഡന്റ് ക്യാപ്റ്റന്‍ Mark Tighe പറഞ്ഞു. എയര്‍ ലിംഗസ് അധികൃതര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഭീഷണിക്കത്തുകള്‍ അയച്ചതായും അദ്ദേഹം ആരോപിച്ചു.

400% ലാഭമാണ് എയര്‍ ലിംഗസ് കമ്പനി ഈയിടെ നേടിയതെന്നും, അതില്‍ തങ്ങളുടെ അദ്ധ്വാനവും, ജോലി സന്നദ്ധതയുമുണ്ടെന്നും പറഞ്ഞ ക്യാപ്റ്റന്‍ Tighe, ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള സുതാര്യമായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും വ്യക്തമാക്കി. യാത്രക്കാര്‍ക്കാരുടെ സൗകര്യത്തിനായി തങ്ങള്‍ അധികജോലി ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജൂണ്‍ 29-ലെ സമരം കാരണം 120 സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ലിംഗസ് അറിയിച്ചു. 15,000-ഓളം യാത്രക്കാരെ ഇത് ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അഞ്ച് ദിന സമരം പ്രഖ്യാപിച്ചപ്പോള്‍ 124 സര്‍വീസുകളായിരുന്നു റദ്ദാക്കിയതായി കമ്പനി അറിയിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW