അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു; ഡബ്ലിൻ സ്വദേശിയായ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

By Rose Malayalam Desk

നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു എന്ന പരാതിയിൽ, കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഡബ്ലിൻ സ്വദേശിയായ കാർ ഉടമ Oscar Adonis Marchat-ന് റിപ്പയറിങ്ങിനു ചെലവായ തുക നൽകാനാണ് ഡബ്ലിൻ ജില്ലാ കോടതി Dublin Street Parking Services Ltd എന്ന സ്ഥാപനത്തോട് ഉത്തരവ് ഇട്ടത്.

 

കഴിഞ്ഞ വർഷം ജൂലൈ 16-നാണ് നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത Marchat-ന്റെ കാർ ടോ ചെയ്ത് കൊണ്ട് പോയത്. എന്നാൽ അതിന് ശേഷം കാർ സ്റ്റാർട്ട്‌ ആകാതെ ആയി. കൊണ്ടുപോകുന്നതിനിടെ സ്റ്റിയറിങ്ങ് കോളം കേടായതായിരുന്നു കാരണം. കാർ എടുത്ത് കൊണ്ട് പോയതിൽ തനിക്ക് പരാതി ഇല്ലെന്നും, താൻ പിഴ അടച്ചുവെന്നും പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ അതിനിടെ സംഭവിച്ച കേടുപാടിന് പണം നൽകണം എന്നായിരുന്നു ആവശ്യം.

 

കാറിലെ ആന്റി തെഫ്റ്റ് സിസ്റ്റം അല്ല ഈ പ്രശ്നം സൃഷിടിച്ചതെന്ന് വ്യക്തമാക്കിയ പരാതിക്കാരൻ അതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. ടോവിങ് കമ്പനിയുമായി ബന്ധപ്പെട്ട ശേഷം ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററെ കൊണ്ട് അവർ അന്വേഷണം നടത്തിയെങ്കിലും പ്രശ്നപരിഹാരം നടക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരൻ വ്യക്തമാക്കി.

 

കേസിൽ കമ്പനി മറുവാദം ഉയർത്താതിരുന്നത്തോടെ റിപ്പയറിങ്ങിനു ചെലവായ 553 യൂറോ പരാതിക്കാരന് നൽകാൻ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments