അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇക്കഴിഞ്ഞ ഏപ്രിൽ 30; കടന്നുപോയത് ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഏപ്രിൽ

By Rose Malayalam Desk

1900-ന് ശേഷം ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഏപ്രില്‍ മാസമായിരുന്നു ഇക്കഴിഞ്ഞത് എന്ന് കാലാവസ്ഥാ വകുപ്പ്. മാത്രമല്ല അയര്‍ലണ്ടില്‍ റെക്കോര്‍ഡ് ചെയ്ത ഏറ്റവുമുയര്‍ന്ന താപനില ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് രേഖപ്പെടുത്തിയ 25.9 ഡിഗ്രി ആണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കൗണ്ടി ഗോള്‍വേയിലെ Atherny-യിലാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

ഏപ്രില്‍ മാസത്തില്‍ കാലാവസ്ഥ പലതരത്തില്‍ മാറിമറിയുകയായിരുന്നു. മാസാദ്യത്തില്‍ കനത്ത മഴയായിരുന്നുവെങ്കില്‍ മാസാവസാനത്തോടെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. അയര്‍ലണ്ട് ദ്വീപില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ട ശരാശരി താപനില 10.60 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 1991-2020 കാലഘട്ടത്തിലെ ശരാശരി താപനിലയെക്കാള്‍ 1.72 ഡിഗ്രി അധികമാണിത്. 1961-1990 കാലഘട്ടത്തെക്കാള്‍ 2.50 ഡിഗ്രിയും.

രാജ്യചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍ എന്ന റെക്കോര്‍ഡ് 2011-ലേതിനാണ്. 11.23 ഡിഗ്രി ആയിരുന്നു ആ മാസത്തിലെ ശരാശരി താപനില. ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഏപ്രില്‍ 2007-ലേതും, ഏറ്റവും വരണ്ടത് 2017-ലേതും ആയിരുന്നു.

ചൂടിന് പുറമെ ഏറ്റവും ഈര്‍പ്പം നിറഞ്ഞ ഏപ്രില്‍ മാസവും ഇക്കഴിഞ്ഞതായിരുന്നു എന്ന് രാജ്യത്തെ പല കാലാവസ്ഥാകേന്ദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments