അയർലണ്ടിൽ ഈയാഴ്ച 22 ഡിഗ്രി വരെ ചൂടുയരും; മഴ കാര്യമായി ബാധിക്കില്ലെന്ന് പ്രവചനം

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. വരുന്ന ഏതാനും ദിവസങ്ങള്‍ നല്ല വെയില്‍ ലഭിക്കുമെന്നും, 22 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുമെന്നുമാണ് അറിയിപ്പ്.

ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥായായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. 14-19 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ താപനില 6 ഡിഗ്രി വരെ താഴാം.

ചൊവ്വാഴ്ചയും വരണ്ട കാലാവസ്ഥ തുടരും. രാവിലെ മഞ്ഞുണ്ടാകുമെങ്കിലും പിന്നീടങ്ങോട്ട് നല്ല വെയില്‍ ലഭിക്കുകയും, താപനില 17-21 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയില്‍ 7-11 ഡിഗ്രി വരെയാകും പരമാവധി താപനില.

ഈയാഴ്ചത്തെ ഏറ്റവും ചൂടേറിയ ദിനം ബുധനാഴ്ചയാകുമെന്നും, 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാത്രിയിലും പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ മേഘങ്ങള്‍ മെല്ലെ തെക്കുകിഴക്കന്‍ മേഖലയിലെത്തുകയും, ചാറ്റല്‍ മഴ പെയ്യുകയും ചെയ്‌തേക്കും.

വ്യാഴാഴ്ചയോടെ ആകാശം മേഘാവൃതമാകുകയും, ചിലയിടങ്ങളില്‍ മഴ പെയ്യുകയും ചെയ്യും. ഇടയ്ക്കിടെ വെയിലും ലഭിക്കും. Connacht, Ulster പ്രദേശങ്ങളില്‍ 11-15 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. അതേസമയം Munster, Leinster പ്രദേശങ്ങളില്‍ അത് 15 മുതല്‍ 19 ഡിഗ്രി വരെയാകും. രാത്രിയിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യും.

വെള്ളിയാഴ്ച രാവിലെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ വെയില്‍ ലഭിക്കുമെങ്കിലും പിന്നാലെ മേഘാവൃതമായി ചെറിയ മഴ പെയ്‌തേക്കും. വൈകുന്നേരത്തോടെ വീണ്ടും മാനം തെളിയും. 13-17 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

ശനി, ഞായര്‍ ദിവസങ്ങളിലും കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല. 20 ഡിഗ്രിക്കടുത്ത് ചൂടും ലഭിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments